ടെക്‌സാസ്: അമേരിക്കയില്‍ ടെക്‌സാസിലെ ഒരു നദി കനത്ത വരള്‍ച്ചയെ തുടര്‍ന്ന് വറ്റിവരണ്ടപ്പോള്‍ ദൃശ്യമായത് 113 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഭീമാകാരമായ ഉരഗങ്ങളായ ദിനോസറുകളുടെ കാല്‍പ്പാടുകള്‍. ദിനോസര്‍ വാലി സ്റ്റേറ്റ് പാര്‍ക്കിലൂടെ ഒഴുകുന്ന നദിയിലെ വെള്ളം വറ്റിയപ്പോഴാണ് മണ്ണില്‍ കാല്‍പ്പാടുകള്‍ ദൃശ്യമായത്. ജന്തുശാസ്ത്ര വിദഗ്ധരെത്തി ആഴവും വലുപ്പവും അളന്നു നടത്തിയ പഠനത്തിനൊടുവില്‍ കാല്‍പ്പാടുകള്‍ ദിനോസറുകളുടേതാണെന്ന് സ്ഥിരീകരിച്ചു.
മൂന്ന് വിരലുകളുള്ള കാല്‍പ്പാടുകളാണ് ദൃശ്യമായത്. ദിനോസറുകളുടെ പാദങ്ങള്‍ക്ക് മൂന്ന് വിരലുകളാണ് ഉള്ളത്. മാത്രമല്ല ഭാരമുള്ള ജീവിയായതിനാല്‍ കാല്‍പ്പാദങ്ങള്‍ ചതുപ്പ് നിലങ്ങളില്‍ ആഴത്തില്‍ പതിയുകയും ചെയ്യും. കാല്‍പ്പാടുകളുടെ ആഴത്തിന്റെ അളവ് അനുസരിച്ച് ദിനോസറുകളുടെ ഭാരവും ഇവര്‍ നിര്‍ണയിച്ചിട്ടുണ്ട്. ഏഴ് ടണ്‍ മുതല്‍ 44 ടണ്‍ വരെ ഭാരമുള്ള ദിനോസറുകളുടെ കാല്‍പ്പാടുകള്‍ ഇവര്‍ കണ്ടെത്തി.
വരണ്ട കാലാവസ്ഥയാണ് കാല്‍പ്പാടുകള്‍ ദൃശ്യമാക്കിയതെന്ന് ടെക്‌സസ് പാര്‍ക്ക്‌സ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്‌മെന്റിലെ സ്റ്റെഫാനി സലീനാസ് ഗാര്‍സിയ പറഞ്ഞു. അമിതമായ വരള്‍ച്ച കാരണം മിക്ക സ്ഥലങ്ങളിലും നദി പൂര്‍ണ്ണമായും വറ്റിപ്പോയതിനാല്‍ കൂടുതല്‍ ഇടങ്ങളില്‍ കാല്‍പ്പാടുകള്‍ ദൃശ്യമായി.
ഡള്ളസ് നഗരത്തിന്റെ തെക്ക്-പടിഞ്ഞാറ് ഉള്‍നാടന്‍ പ്രദേശത്ത് ചരിത്രപ്രസിദ്ധമായ കൊളമ്പിയ നദീ തീരത്താണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദിനോസറുകള്‍ ചെളിയില്‍ കാല്‍പ്പാടുകള്‍ അവശേഷിപ്പിച്ചതായി പാര്‍ക്കിന്റെ വെബ്സൈറ്റ് പറയുന്നു. ദിനോസറുകളുടെ കാല്‍പ്പാടുകള്‍ ഭവിതലമുറയ്ക്കായി സംരക്ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ഗാര്‍സിയ പറഞ്ഞു.