കലാപത്തീയില്‍ കത്തിയെരിഞ്ഞ് നേപ്പാള്‍ പാര്‍ലമെന്റ് ; ശര്‍മ ഒലി കാഠ്മണ്ഡു വിട്ടു: വിഷയങ്ങള്‍ സമാധാനമായി പരിഹരിക്കണമെന്ന് ഇന്ത്യ

കലാപത്തീയില്‍ കത്തിയെരിഞ്ഞ് നേപ്പാള്‍ പാര്‍ലമെന്റ് ; ശര്‍മ ഒലി കാഠ്മണ്ഡു വിട്ടു: വിഷയങ്ങള്‍ സമാധാനമായി പരിഹരിക്കണമെന്ന് ഇന്ത്യ

കാഠ്മണ്ഡു: സാമൂഹ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നേപ്പാളില്‍ പൊട്ടിപ്പുറപ്പെട്ട ജെന്‍ സി കലാപം അതിരൂക്ഷമായതോടെ പാര്‍ലമെന്റ് മന്ദിരത്തിന് തീയിട്ട് പ്രക്ഷോഭകാരികള്‍. പ്രതിഷേധം കൈവിട്ടു പോയതോടെ സമൂഹ മാധ്യമ നിരോധനം പിന്‍വലിച്ചിട്ടും നേപ്പാളില്‍ പ്രക്ഷോഭം കത്തിപ്പടരുകയാണ്.

പ്രധാനമന്ത്രി രാജി വെച്ചൊഴിയണം എന്നായിരുന്നു പ്രക്ഷോഭകാരികളുടെ പ്രധാന ആവശ്യം. തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി രാജി വച്ചു. അദേഹം കാഠ്മണ്ഡു വിട്ടുവെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തു വരുന്ന വിവരം.

രാജിവെച്ച മന്ത്രിമാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമമാണ് സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്. ഇവരുടെ സ്വകാര്യ വസതിയടക്കം പ്രക്ഷോഭകാരികള്‍ ആക്രമിച്ചു. മുന്‍ പ്രധാനമന്ത്രി ഷേര്‍ ബഹുദൂര്‍ ദേവൂബയുടെ വീടിന് നേരേയും ആക്രമണമുണ്ടായി.

കലാപത്തെ തുടര്‍ന്ന് പൊലീസും പട്ടാളവുമായുണ്ടായ ഏറ്റുമുട്ടലില്‍ 19 പേരാണ് മരിച്ചത്. നൂറ് കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാഠ്മണ്ഡുവിലെ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. ഡല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട രണ്ട് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടതായി അധികൃതര്‍ അറിയിച്ചു. ലക്‌നൗവിലേക്കാണ് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടത്.

സ്ഥിതി നിരീക്ഷിച്ച് വരികയാണെന്നും നേപ്പാളിലുള്ള ഇന്ത്യാക്കാര്‍ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രക്ഷോഭത്തെ തുടര്‍ന്ന് 19 പേരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ അനുശോചനം അറിയിച്ച വിദേശകാര്യ മന്ത്രാലയം പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.