ഇസ്ലമാബാദ്: പാകിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് വനിതാ സംഘടന രൂപീകരിക്കുന്നു. 'ജമാത്ത് ഉല്‍-മുമിനത്ത്' എന്നാണ് പേര്.
ഇതിനായി പണം സമാഹരിക്കുന്നതിനും റിക്രൂട്ട്മെന്റ് നടത്തുന്നതിനുമായി അല്‍-മുമിനത്ത് എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ ജിഹാദി പരിശീലന കോഴ്സ് ആരംഭിച്ചു. 500 പാകിസ്ഥാന്‍ രൂപയാണ് കോഴ്സിനുള്ള ഫീസായി വാങ്ങുന്നത്.
ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്റെയും മറ്റ് ജെയ്ഷെ നേതാക്കളുടെയും കുടുംബാംഗങ്ങളായ സ്ത്രീകളാണ് ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നത്. ജിഹാദിനെയും ഇസ്ലാമിനെയും കുറിച്ചും കടമകളെക്കുറിച്ചുമാണ് ഓണ്‍ലൈന്‍ പരിശീലനം.
ദിവസവും 40 മിനിട്ടാണ് ക്ലാസുകള്‍. അസറിന്റെ സഹോദരിമാരായ സാദിയ അസറും സമൈറ അസറുമാണ് പ്രധാന ക്ലാസുകള്‍ നടത്തുന്നത്. വനിതാ സംഘടനയുടെ പൂര്‍ണ ചുമതല സാദിയയ്ക്കാണ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.
കഴിഞ്ഞ ഏപ്രിലില്‍ നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി മെയ് മാസത്തില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ സാദിയയുടെ ഭര്‍ത്താവ് യൂസഫ് അസര്‍ കൊല്ലപ്പെട്ടിരുന്നു. പഹല്‍ഗാം ആക്രമണം നടത്തിയ പ്രതികളില്‍ ഒരാളായ ഉമര്‍ ഫാറൂഖിന്റെ ഭാര്യ അഫ്രീര്‍ ഫാറൂഖും വനിതാ സംഘടനയില്‍ അംഗമാണ്.