താലിബാന്‍ നിര്‍ദേശിച്ചു; അഫ്ഗാനില്‍ പരസ്യവധശിക്ഷ നടപ്പാക്കി 13കാരന്‍; കാഴ്ചക്കാരായെത്തിയത് 80000 പേർ

താലിബാന്‍ നിര്‍ദേശിച്ചു; അഫ്ഗാനില്‍ പരസ്യവധശിക്ഷ നടപ്പാക്കി 13കാരന്‍; കാഴ്ചക്കാരായെത്തിയത് 80000 പേർ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ നിർദേശ പ്രകാരം പരസ്യ വധശിക്ഷ നടപ്പിലാക്കി 13 വയസുകാരൻ. ഖോസ്ത് പ്രവിശ്യയിലെ സ്പോർട്സ് സ്റ്റേഡിയത്തിൽ വച്ചാണ് വധശിക്ഷ നടപ്പിലാക്കിയത്. 13 കാരൻ്റെ കുടുംബത്തിലെ ഒമ്പത് കുട്ടികളടക്കം 13 അംഗങ്ങളെ കൊലപ്പെടുത്തിയ കേസിലെ പ്രതി മംഗളിനെയാണ് പരസ്യമായി വെടിവെച്ചു കൊന്നത്.

80000 ത്തോളം പേരാണ് വധശിക്ഷ നേരിൽ കാണാൻ സ്റ്റേഡിയത്തിൽ തടിച്ചു കൂടിയത് എന്നാണ് റിപ്പോർട്ടുകൾ. അഫ്ഗാൻ സുപ്രീം കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വധശിക്ഷ വിധിക്കുകയും താലിബാൻ നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ അംഗീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ശിക്ഷ നടപ്പിലാക്കിയത്. അഞ്ച് തവണയാണ് ഇയാൾക്ക് നേരെ വെടിവെച്ചത്.

വധശിക്ഷയുടെ വീഡിയോയും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഇതോടെ അഫ്ഗാൻ സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളും ഉയരുന്നുണ്ട്. ഇത് മനുഷ്യത്വരഹിതവും ക്രൂരവും അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധവുമായ അസാധാരണ ശിക്ഷയാണെന്ന് യുഎൻ പ്രത്യേക റിപ്പോർട്ടർ റിച്ചാർഡ് ബെന്നറ്റ് പറഞ്ഞു.

അധികാരത്തിലെത്തിയ ശേഷം താലിബാൻ നടപ്പിലാക്കുന്ന പതിനാന്നാമത്തെ വിധിയാണിത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.