റോം: ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവർക്ക് സഹായമെത്തിക്കുന്ന പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിന് (എസിഎൻ) പുതിയ അധ്യക്ഷൻ. സ്വിറ്റ്സർലൻഡിൽ നിന്നുള്ള കർദിനാൾ കർട്ട് കോച്ചിനെയാണ് പൊന്തിഫിക്കൽ സംഘടനയുടെ പ്രസിഡന്റായി ലിയോ പതിനാലാമൻ മാർപാപ്പ നിയമിച്ചത്.
ഈ സുപ്രധാന നിയമനത്തിന് മാർപാപ്പയോട് നന്ദി അറിയിച്ചതായി എസിഎൻ എക്സിക്യൂട്ടീവ് ഡയറക്ടർ റെജീന ലിഞ്ച് പ്രസ്താവിച്ചു. പീഡിപ്പിക്കപ്പെടുന്നവരും ദുരിതമനുഭവിക്കുന്നവരുമായ ക്രിസ്ത്യാനികൾക്കായുള്ള തങ്ങളുടെ ദൗത്യത്തിൽ കർദിനാൾ കോച്ച് മാർഗ നിർദേശം നൽകുമെന്ന് ലിഞ്ച് പ്രത്യാശിച്ചു.
81 വയസുള്ള കർദിനാൾ മൗറോ പിയാസെൻസയ്ക്ക് പകരക്കാരനായാണ് കർദിനാൾ കോച്ച് എത്തുന്നത്. പൊന്തിഫിക്കൽ ഫൗണ്ടേഷൻ പദവി ലഭിച്ചതിന് ശേഷമുള്ള എസിഎന്നിന്റെ ആദ്യ പ്രസിഡന്റായിരുന്നു കർദിനാൾ പിയാസെൻസ.
നിലവിൽ ക്രിസ്ത്യൻ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായി സേവനം അനുഷ്ഠിച്ചു വരികയാണ്. 2010 മുതൽ യഹൂദ മതവുമായുള്ള ബന്ധങ്ങൾക്കായുള്ള കമ്മീഷന്റെ തലവനായും അദേഹം പ്രവർത്തിക്കുന്നുണ്ട്.
വർഷങ്ങളായി ക്രൈസ്തവർ ന്യൂനപക്ഷമായ രാജ്യങ്ങളിൽ പൊന്തിഫിക്കൽ ഫൗണ്ടേഷനായ എസിഎൻ നിർണായക സ്വാധീനം ചെലുത്തുന്നുണ്ട്. ലോകത്ത് ക്രൈസ്തവ വിരുദ്ധ പീഡനം നടക്കുന്ന രാജ്യങ്ങളിൽ ഏറ്റവും അധികം സഹായം ലഭ്യമാക്കുന്ന സന്നദ്ധ സംഘടനയാണ് എസിഎൻ. പീഡിത ക്രൈസ്തവർക്ക് മാനസിക പിന്തുണ നൽകാനും സംഘടന പ്രത്യേകമായി ശ്രദ്ധിക്കുന്നു.
കഴിഞ്ഞ വർഷം മാത്രം ലോകമെമ്പാടുമുള്ള 138 രാജ്യങ്ങളിലെ ദുരിതമനുഭവിക്കുന്ന ക്രൈസ്തവരെ സഹായിക്കാൻ എസിഎൻ 143.7 ദശലക്ഷം യൂറോ ചെലവിട്ടിട്ടുണ്ട്.