സാധുക്കളെ സഹായിക്കാൻ ശ്രദ്ധേയമായ നീക്കവുമായി തളിപ്പറമ്പ് സെൻ്റ് മേരീസ് ഇടവക; ജാതിമത ഭേദമന്യേ നിർധനരായ 100 കുടുംബങ്ങൾക്ക് 2000 രൂപ പെൻഷൻ നൽകും

സാധുക്കളെ സഹായിക്കാൻ ശ്രദ്ധേയമായ നീക്കവുമായി തളിപ്പറമ്പ് സെൻ്റ് മേരീസ് ഇടവക; ജാതിമത ഭേദമന്യേ നിർധനരായ 100 കുടുംബങ്ങൾക്ക് 2000 രൂപ പെൻഷൻ നൽകും

തളിപ്പറമ്പ്: എല്ലാവരും നമുക്ക് 'സ്വന്തം' ആരും അന്യരല്ല എന്ന മഹത്തായ സന്ദേശമുയർത്തിപ്പിടിച്ച് തളിപ്പറമ്പ് സെൻ്റ് മേരീസ് ഫൊറോന ഇടവക മാതൃകാപരമായ ക്ഷേമപദ്ധതിക്ക് തുടക്കമിട്ടു. ജാതിമത ഭേദമന്യേ നൂറ് കുടുംബങ്ങൾക്ക് പ്രതിമാസം 2,000 രൂപ വീതം ക്ഷേമപെൻഷൻ നൽകാനാണ് ഇടവക തീരുമാനിച്ചിരിക്കുന്നത്.

ഇതിലൂടെ പ്രതിമാസം രണ്ട് ലക്ഷം രൂപയാണ് ഇടവക ചെലവഴിക്കുന്നത്. ഡിസംബർ മാസം മുതൽ അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചു തുടങ്ങുമെന്ന് ഇടവക വികാരി ഫാ. മാത്യു ആശാരിപ്പറമ്പിൽ അറിയിച്ചു.

വിട്ടുമാറാത്ത രോഗങ്ങൾ അനുഭവിക്കുന്നവർ, സ്വന്തമായി വീടില്ലാത്തവർ തുടങ്ങി പാർശ്വവൽക്കരിക്കപ്പെട്ട പരമാവധി ആളുകളെ ഉൾക്കൊണ്ടുകൊണ്ടാണ് 'സ്വന്തം' പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. അർഹതപ്പെട്ടവരെ കണ്ടെത്താൻ ഇടവക കമ്മറ്റി പരിശോധക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ഇടവകാംഗങ്ങളുടെ സംഭാവനകളാണ് പെൻഷൻ ഫണ്ടായി സ്വീകരിച്ചത്. ആറ് മാസത്തേക്ക് പെൻഷൻ നൽകാനുള്ള തുക ഇതിനോടകം ലഭിച്ചുകഴിഞ്ഞതായി ഫാ. മാത്യു ആശാരിപ്പറമ്പിൽ അറിയിച്ചു. കൂടുതൽ പേർ പദ്ധതിയുമായി സഹകരിക്കാൻ മുന്നോട്ട് വരുന്നുണ്ട്.

ആവശ്യക്കാരെ കണ്ടെത്തി സഹായം നൽകുന്നതിലൂടെ ഈ പദ്ധതി കൂടുതൽ വിപുലീകരിക്കാനും ഇടവക ഉദ്ദേശിക്കുന്നുണ്ട്. കേരളത്തിലെ മറ്റ് മതസ്ഥാപനങ്ങൾക്കും ഇത്തരം ക്ഷേമപദ്ധതികൾ ആവിഷ്കരിക്കാൻ സാധിക്കുമെന്നും ഫാ. മാത്യു ചൂണ്ടിക്കാട്ടി.

പരിയാരം മദർഹോമിന്റെ സ്ഥാപക ഡയറക്ടറും പുതിയ ആശയങ്ങളുടെ പ്രയോക്താവുമാണ് ഫാ. മാത്യു ആശാരിപ്പറമ്പിൽ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.