ബെയ്റൂട്ട് : മൂന്ന് ദിവസം നീണ്ട തുർക്കി സന്ദർശനത്തിന് വിരാമമിട്ട് ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പ്രത്യാശയും പ്രാർത്ഥനകളുമായി ലിയോ പതിനാലാമൻ മാർപാപ്പ ഇന്നലെ ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ എത്തി. പ്രാദേശിക സമയം വൈകുന്നേരം 4. 30 ന് റഫീഖ് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ പിതാവിന് ഊഷ്മളമായ വരവേൽപ്പാണ് ലെബനൻ ഒരുക്കിയത്.
ലെബനൻ പ്രസിഡന്റ് ജോസഫ് ഔൻ, വത്തിക്കാൻ നുൻഷ്യോ ആർച്ച് ബിഷപ്പ് ജോസഫ് സ്പിത്തേരി എന്നിവർ ചേർന്ന് മാർപാപ്പയെ സ്വീകരിച്ചു. ലെബനീസ് സംസ്കാരത്തിൻ്റെ ആഴവും ആതിഥ്യ മര്യാദയും വിളിച്ചോതിക്കൊണ്ട് ഒരു ലബനീസ് ബാലനും ബാലികയും ചേർന്ന് നൽകിയ ഗോതമ്പപ്പവും ഉപ്പും മാർപാപ്പ സ്നേഹപൂർവം രുചിച്ചു നോക്കി. അതിഥികൾക്ക് അപ്പവും ഉപ്പും നൽകി സ്വീകരിക്കുന്നത് പുരാതന ലെബനീസ് പാരമ്പര്യത്തിൻ്റെ പ്രതീകമാണ്.
ഔദ്യോഗിക സ്വീകരണ ചടങ്ങിൽ ദേശീയ ഗാനങ്ങൾ ആലപിച്ചു. തുടർന്ന് മാർപാപ്പയുടെ വാഹന വ്യൂഹം ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി പ്രസിഡൻ്റിൻ്റെ വസതിയിലേക്ക് നീങ്ങി. ഇന്ന് ലെബനനിലെ പ്രധാന ആത്മീയ കേന്ദ്രങ്ങളിലാണ് പാപ്പ സന്ദർശനം നടത്തുക. അന്നായയിലെ വിശുദ്ധ മാറൂൺ ആശ്രമം, ലെബനീസ് വിശുദ്ധനായ ഷാർബലിൻ്റെ ശവകുടീരം എന്നിവിടങ്ങളിൽ പ്രാർത്ഥന നടത്തും.
ഔർ ലേഡി ഓഫ് ലെബനൻ തീർത്ഥകേന്ദ്രത്തിൽ വച്ച് അൽമായർ ഉൾപ്പെടെയുള്ള സഭാനേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഉച്ച കഴിഞ്ഞ് രക്തസാക്ഷികളുടെ ചത്വരത്തിൽ എക്യുമെനിക്കൽ - മതാന്തര സമ്മേളനത്തിലും പാത്രിയർക്കൽ മൈതാനിയിൽ യുവജനങ്ങളുമായുള്ള സംവാദത്തിലും മാർപാപ്പ പങ്കെടുക്കും.
നാളത്തെ പ്രധാന ചടങ്ങ് ബെയ്റൂട്ട് വാട്ടർഫ്രണ്ടിൽ നടക്കുന്ന വിശുദ്ധ കുർബാന അർപ്പണമാണ്. ഉച്ചയ്ക്ക് 12. 45 ന് വിമാനത്താവളത്തിൽ യാത്രയയപ്പ് സ്വീകരിച്ച ശേഷം മാർപാപ്പ വൈകുന്നേരത്തോടെ റോമിലേക്ക് മടങ്ങും