വാഷിങ്ടണ്‍: കാലിഫോര്‍ണിയയില്‍ കുടുംബ സംഗമത്തിനിടെയുണ്ടായ കൂട്ട വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്കേറ്റു. സ്റ്റോക്ടണിലെ ബാങ്ക്വറ്റ് ഹാളില്‍ നടന്ന കുടുംബ സംഗമത്തിനിടെയാണ് വെടി വെപ്പുണ്ടായത്.
ഒരു കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷത്തിനായാണ് കുടുംബാംഗങ്ങള്‍ ഒത്തുകൂടിയത്. കൊല്ലപ്പെട്ടവരില്‍ കുട്ടികളുമുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. അക്രമി രക്ഷപെട്ടു.
വ്യക്തമായ ലക്ഷ്യത്തോടെയാണ് ആക്രമി ഹാളിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. മറ്റ് കച്ചവട സ്ഥാപനങ്ങളുമായി പാര്‍ക്കിങ് സ്ഥലം പങ്കിടുന്ന ബാങ്ക്വറ്റ് ഹാളിലാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. വെടിവെപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.
'എന്റെ ഹൃദയവേദന വിവരിക്കാന്‍ പോലുമാകില്ല. ഒരു കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിനിടെയുണ്ടായ കൂട്ട വെടിവെപ്പിനെ കുറിച്ച് കേട്ടപ്പോള്‍ തകര്‍ന്നു പോയി. ഇത്തരം സ്ഥലങ്ങള്‍ ജനങ്ങളുടെ ജീവനെടുക്കുന്ന ഇടങ്ങളായി ഒരിക്കലും മാറരുത്' - സ്റ്റോക്ടണ്‍ വൈസ് മേയര്‍ ജേസണ്‍ ലീ പറഞ്ഞു.