കൊച്ചി: മുനമ്പം ഭൂമി പ്രശ്നം ഉന്നയിച്ച് തീര ജനത 413 ദിവസമായി നടത്തുന്ന സമരം ഇന്ന് അവസാനിപ്പിക്കും. കേസില്‍ അന്തിമ വിധി വരുന്നതു വരെ ഭൂ നികുതി അടയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭൂ സംരക്ഷണ സമിതി കോര്‍ ഗ്രൂപ്പ് യോഗം ചേര്‍ന്ന് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
മന്ത്രി പി രാജീവ് ഇന്ന് ഉച്ചയ്ക്ക് 2.30 ന് സമരപന്തലിലെത്തി നാരങ്ങ നീരു നല്‍കി നിരാഹാര സമരം അവസാനിപ്പിക്കും. 2024 സെപ്തംബര്‍ 27 നാണ് നിരാഹാരം ഉള്‍പ്പെടെയുള്ള പ്രത്യക്ഷ സമരങ്ങള്‍ ആരംഭിച്ചത്. വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്‍ അടക്കമുള്ളവരും മന്ത്രിയെ അനുഗമിക്കും.
സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് തടസ്സമുണ്ടാകില്ലെന്നും ഇതിനായി കുഴുപ്പിള്ളി വില്ലേജില്‍ ഹെല്‍പ്പ് ഡെസ്‌ക് തുറക്കുമെന്നും നിയമ മന്ത്രി പി രാജീവ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ഭൂ സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നിരാഹാര സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.