ബെയ്‌റൂട്ട്: ലെബനോന്റെ മുറിവുകളിൽ ആശ്വാസം പകർന്നും ജനതയുടെ സ്നേഹം ഏറ്റുവാങ്ങിയും ലിയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യ അപ്പസ്തോലിക സന്ദർശനം പൂർത്തിയായി. ബെയ്‌റൂട്ട് വാട്ടർഫ്രണ്ടിൽ അർപ്പിച്ച ദിവ്യബലിയോടെയാണ് പാപ്പയുടെ യാത്ര അവസാനിച്ചത്.
യാത്രയുടെ അവസാന ദിനം 2020 ഓഗസ്റ്റ് നാലിലെ ബെയ്‌റൂട്ട് തുറമുഖ സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾക്ക് മുന്നിൽ പാപ്പ മൗനമായി പ്രാർത്ഥിച്ചു. തുടർന്ന് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെയും അതിജീവിച്ചവരുടെയും കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.
236 പേരുടെ മരണത്തിനും 7000 ത്തിലധികം പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ ചരിത്രത്തിലെ ഏറ്റവും വലിയ ആണവേതര സ്ഫോടനങ്ങളിൽ ഒന്നായിരുന്നു ഇത്. ഏറെ വൈകാരികമായ നിമിഷങ്ങളായിരുന്നു ഈ കൂടിക്കാഴ്ചകൾ.
സ്ഫോടന സ്ഥലം സന്ദർശിച്ച ശേഷം ബെയ്‌റൂട്ട് വാട്ടർഫ്രണ്ടിൽ ഒരു ലക്ഷത്തിലധികം വരുന്ന ജനക്കൂട്ടത്തോടൊപ്പം പാപ്പ ദിവ്യബലിയർപ്പിച്ചു. പോപ്പ്‌മൊബൈൽ വേദിയിലേക്ക് കടന്നുവന്നപ്പോൾ ആവേശത്തിരമാല ഉയർന്നു. ‘വിവാ ഇൽ പാപ്പാ!’ (പാപ്പ നീണാൾ വാഴട്ടെ!) വിളികളാൽ ബെയ്‌റൂട്ട് മുഖരിതമായി. പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ലെബനോന് ഈ ദിവ്യബലി സൗഖ്യത്തിന്റെ ലേപനമായി.
സന്ദർശനത്തിന്റെ ഭാഗമായി ഡി ലാ ക്രോയിക്സ് ആശുപത്രിയിലെ സെന്റ്-ഡൊമിനിക് വിഭാഗത്തിലെത്തി ശാരീരികവും മാനസികവുമായ വൈകല്യങ്ങളുള്ള കുട്ടികളോടൊപ്പവും പാപ്പ സമയം ചിലവഴിച്ചു. ലെബനോനെ തന്റെ ഹൃദയത്തിൽ വഹിക്കുന്നു എന്ന ഉറപ്പുനൽകിക്കൊണ്ടാണ് പരിശുദ്ധ പിതാവ് വത്തിക്കാനിലേക്ക് മടങ്ങിയത്.