ഏത് സമയവും 'മോന്ത'യുടെ 'ഷെയ്പ്പ്' മാറാം; അതീവ ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

ഏത് സമയവും 'മോന്ത'യുടെ 'ഷെയ്പ്പ്' മാറാം; അതീവ ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: മധ്യ കിഴക്കന്‍ അറബിക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ മധ്യ കിഴക്കന്‍ അറബിക്കടലിലൂടെ വടക്കു കിഴക്കന്‍ ദിശയില്‍ നീങ്ങാന്‍ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

കര്‍ണാടകയ്ക്കും വടക്കന്‍ കേരള തീരപ്രദേശങ്ങള്‍ക്കും മേല്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴി അറബിക്കടല്‍ തീവ്ര ന്യൂനമര്‍ദവുമായി ചേര്‍ന്നു. ഇതോടെ കേരളത്തില്‍ കാല വര്‍ഷത്തിന് സമാനമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചുഴലിക്കാറ്റിനും സാധ്യതയുണ്ട്. ഇത് രൂപപ്പെട്ടാല്‍ തായ്ലന്‍ഡ് നിര്‍ദേശിച്ച 'മോന്ത'(MONTHA) എന്ന പേരിലാകും അറിയപ്പെടുക. ചുഴലിക്കാറ്റിന്റെ രൂപത്തിലും ഭാവത്തിലും ഏത് സമയവും മാറ്റമുണ്ടാകാമെന്നും ഈ സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന കിഴക്കന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും മുകളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്.

ഇത് പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും ഭാഗങ്ങളില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.

ഒക്ടോബര്‍ 26 നകം തീവ്ര ന്യൂനമര്‍ദമായും ഒക്ടോബര്‍ 27 ന് രാവിലെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന പടിഞ്ഞാറന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും ഭാഗങ്ങളില്‍ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ഈ ചുഴലിക്കാറ്റാണ് 'മോന്ത' എന്ന പേരില്‍ അറിയപ്പെടുക.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.