ഹൂസ്റ്റണ്‍: അമേരിക്കയില്‍ കെട്ടിടത്തിനു തീയിട്ടശേഷം അക്രമി മൂന്നു പേരെ വെടിവെച്ച് കൊന്നു. രണ്ടുപേര്‍ക്കു പരിക്കേറ്റു. തുടര്‍ന്ന് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെ അക്രമിയും വെടിയേറ്റു മരിച്ചു. മരിച്ചവരെല്ലാം 40 നും 60 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണെന്ന് ഹൂസ്റ്റണ്‍ പൊലീസ് മേധാവി ട്രോയ് ഫിന്നര്‍ പറഞ്ഞു. 40 വയസുകാരനായ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനാണ് അക്രമിയെന്നും പൊലീസ് വ്യക്തമാക്കി.
ടെക്‌സാസ് സംസ്ഥാനത്തെ ഹൂസ്റ്റണില്‍ പ്രാദേശിക സമയം ഞായര്‍ പുലര്‍ച്ചെ രണ്ടോടെയായിരുന്നു ആക്രമണം. ഡണ്‍ലാപ് സ്ട്രീറ്റില്‍ മുറികള്‍ വാടകയ്ക്കു നല്‍കുന്ന കേന്ദ്രത്തിലാണ് സംഭവം നടന്നത്. കെട്ടിടത്തിനു തീ പിടിച്ചതറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്കു നേരെയാണ് അക്രമി വെടിയുതിര്‍ത്തത്.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളും പൊലീസും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെ അക്രമി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയും വെടി ഉതിര്‍ത്തു. അപ്രതീക്ഷിതമായുണ്ടായ ആക്രമണം കാരണം തീയണയ്ക്കല്‍ ശ്രമം തടസപ്പെട്ടു. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതിരോധ വെടിവയ്പ്പിനിടെ അക്രമിയും വെടിയേറ്റ് കൊല്ലപ്പെട്ടു.
പ്രതി ആക്രണം നടത്താനുണ്ടായ സാഹചര്യത്തെ കുറിച്ച് വ്യക്തതയില്ലെന്ന് ട്രോയ് ഫിന്നര്‍ പറഞ്ഞു. സംഭവത്തില്‍ ജില്ലാ അറ്റോര്‍ണി ഓഫീസും ഹൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റും അന്വേഷണം ആരംഭിച്ചു. തോക്ക് നിയമം ശക്തമാക്കിയ ശേഷം ഈ മാസം ഇത് രണ്ടാം തവണയാണ് അമേരിക്കയില്‍ ഒന്നിലേറെ ആളുകള്‍ കൊല്ലപ്പെടുന്ന വെടിവയ്പ്പ് ആക്രമണം ഉണ്ടാകുന്നത്.