'തക്കാളി' കാരണം കാലിഫോര്‍ണിയയില്‍ വന്‍ ഗതാഗതക്കുരുക്ക്; പരിക്കേറ്റത് നിരവധി പേര്‍ക്ക്

'തക്കാളി' കാരണം കാലിഫോര്‍ണിയയില്‍ വന്‍ ഗതാഗതക്കുരുക്ക്; പരിക്കേറ്റത് നിരവധി പേര്‍ക്ക്

കാലിഫോര്‍ണിയ: ഒരു ലോഡ് തക്കാളി ഉണ്ടാക്കിയ വിനയാണ് ഇപ്പോള്‍ കാലിഫോര്‍ണിയയിലെ സംസാര വിഷയം. അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയിലെ ദേശീയപാതയില്‍ തക്കാളിയുമായി പോയ ഒരു ട്രക്ക് മറിഞ്ഞത് മണിക്കൂറുകളോളം ഗതാഗത തടസത്തിനും അപകടങ്ങള്‍ക്കും വഴിവച്ചു.

തിരക്കേറിയ ദേശീയപാതയിലാണ് അപകടം ഉണ്ടായത്. ചുവപ്പ് പരവതാനി വിരിച്ചപ്പോലെ റോഡില്‍ തക്കാളി നിറഞ്ഞു. ഈ സമയം ദേശീയപാതയിലൂടെ വന്ന വാഹനങ്ങള്‍ തക്കാളിക്ക് മുകളിലൂടെ കയറി തെന്നി നിയന്ത്രണം നഷ്ടപ്പെട്ട് പരസ്പരം കൂട്ടിയിടിച്ച് അപകടങ്ങള്‍ക്ക് വഴിയൊരുക്കി. ഇരുചക്രവാഹനക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇതേ അനുഭവം ഉണ്ടായി. അപകടത്തില്‍ ഒരാളുടെ കാല്‍ ഒടിഞ്ഞു. ഏതാനം ആളുകള്‍ക്കും നിസാര പരിക്ക് പറ്റി.

സംഭവത്തെ തുടര്‍ന്ന് ദേശീയ പാതയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. മണിക്കൂറുകളോളം യാത്രക്കാര്‍ വഴിയില്‍ കുടുങ്ങിക്കിടക്കേണ്ടതായി വന്നു. ശുചീകരണ തൊഴിലാളികള്‍ ഒരു പകല്‍ മുഴുവന്‍ നടത്തിയ പരിശ്രമത്തിനൊടുവിലാണ് റോഡിലെ തക്കാളി പ്രശ്‌നം ഒഴിവാക്കി വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സൗകര്യമൊരുക്കിയത്.

രാജ്യത്തെ തക്കാളി ഉല്‍പ്പാദനത്തിന്റെ ഏറിയ പങ്കും കാലിഫോര്‍ണിയയിലാണ്. വര്‍ഷം തോറും ദശലക്ഷം ടണ്‍ തക്കാളിയാണ് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ട്രക്ക് മാര്‍ഗം കൊണ്ടുപോകുന്നത്. ഒന്നരലക്ഷത്തോളം തക്കാളിയാണ് അപകടത്തെ തുടര്‍ന്ന് നഷ്ടമായതെന്നും കാലിഫോര്‍ണിയ തക്കാളി ഗ്രോവേഴ്സ് അസോസിയേഷന്‍ പറഞ്ഞു.

എന്തായാലും, സ്‌പെയ്‌നില്‍ വര്‍ഷം തോറും നടക്കുന്ന 'ടോമാറ്റോ ഫെസ്റ്റീവ'ലില്‍ ലക്ഷക്കണക്കിന് തക്കാളികള്‍ പരിസ്പരം എറിഞ്ഞ് സൗഹൃദവും സന്തോഷവും പങ്കുവയ്ക്കുമ്പോള്‍ അമേരിക്കയില്‍ ഒന്നരലക്ഷം തക്കാളി വരുത്തിവച്ച വിനയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.