ഫ്ളോറിഡ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആര്‍ട്ടിമിസ് 1 വിക്ഷേപണം ഇനിയും വൈകും. ഇയാന്‍ ചുഴലിക്കാറ്റ് അമേരിക്കയിലെ ഫ്ളോറിഡയില്‍ വീശിയടിക്കുമെന്ന പ്രവചനത്തെതുടര്‍ന്ന് ചാന്ദ്രദൗത്യത്തിനായുള്ള നാസയുടെ സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റ് (എസ്.എല്‍.എസ്) വിക്ഷേപണത്തറയില്‍നിന്നു സുരക്ഷിത സ്ഥാനത്തേക്കു നീക്കി. കെന്നഡി സ്പേസ് സെന്ററിലെ വെഹിക്കിള്‍ അസംബ്ലി ബില്‍ഡിംഗിലേക്കാണ് ഭീമന്‍ റോക്കറ്റ് മാറ്റിയത്. ഇതോടെ ആര്‍ട്ടിമിസ് പ്രഥമ ദൗത്യത്തിന്റെ വിക്ഷേപണം ഇനി നവംബറിലായിരിക്കും നടക്കുക.
ചന്ദ്ര പര്യവേക്ഷണമാണ് ആര്‍ട്ടിമിസിന്റെ ദൗത്യം. ഓഗസ്റ്റ് പകുതിയോടെയാണ് റോക്കറ്റ് വിക്ഷേപണത്തറയിലേക്ക് എത്തിയത്. എന്നാല്‍ സാങ്കേതിക തകരാറും പ്രതികൂല കാലാവസ്ഥയുമടക്കമുള്ള പ്രശ്‌നങ്ങള്‍ കാരണം വിക്ഷേപണം മൂന്നു തവണ മാറ്റിവയ്‌ക്കേണ്ടി വന്നു. ആദ്യ രണ്ടു തവണയും ഇന്ധന ടാങ്കിലെ ചോര്‍ച്ചയടക്കം സാങ്കേതിക പ്രശ്നങ്ങള്‍ മൂലമാണ് വിക്ഷേപണം തടസപ്പെട്ടത്. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടപ്പോള്‍ കാലാവസ്ഥ പ്രതികൂലമായി. ഇയാന്‍ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിലാണ് ഫ്‌ളോറിഡ കെന്നഡി സ്പേസ് സെന്റര്‍.
റോക്കറ്റ് വിക്ഷേപണത്തറയില്‍ തുടര്‍ന്നിരുന്നെങ്കില്‍ നാസക്ക് ഒക്ടോബര്‍ ആദ്യം വിക്ഷേപിക്കാന്‍ കഴിയുമായിരുന്നു. നാസ ഇതുവരെ രൂപകല്‍പന ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും വലുതാണ് എസ്എല്‍എസ് റോക്കറ്റ്. 98 മീറ്റര്‍ ഉയരമുള്ള (320 അടി) റോക്കറ്റ് വീണ്ടും വിക്ഷേപണത്തറയിലേക്ക് കൊണ്ടുപോകുന്നതിനും ടേക്ക് ഓഫിനായി ക്രമീകരിക്കുന്നതിനും ദിവസങ്ങളെടുക്കുമെന്നാണ് നാസ അധികൃതര്‍ വ്യക്തമാക്കിയത്.