ന്യൂജേഴ്‌സി: അന്തരിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കേരളാ ടൈംസ് ചീഫ് എഡിറ്ററും അമേരിക്കൻ മലയാളിയുമായ ഫ്രാന്‍സിസ് തടത്തില്ലിന്റെ സംസ്കാരം ശനിയാഴ്ച്ച നടക്കും. അമേരിക്കൻ സമയം വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ ഒൻപതു വരെ പാറ്റേഴ്സൺ സെന്റ് ജോർജ് സീറോ മലബാർ പള്ളിയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.
ശനിയാഴ്ച്ച രാവിലെ 8.30ന് വിശുദ്ധ കുർബ്ബാനയോടെ സംസ്കാര ശുശ്രുഷകൾ ആരംഭിക്കും. ബിഷപ്പ് ജേക്കബ് അങ്ങാടിയത്ത് വെള്ളിയാഴ്ച്ചയിലെയും ബിഷപ്പ് ജോയ് ആലപ്പാട്ട് ശനിയാഴ്ച്ചയിലെയും ശുശ്രുഷകൾക്ക് കാർമികത്വം വഹിക്കും. തുടർന്ന് ഈസ്റ്റ് ഹാനോവറിലെ ഗേറ്റ് ഓഫ് ഹെവൻ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.
ബുധനാഴ്ച രാവിലെയാണ് വീട്ടില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്. രാവിലെ നേരം വൈകിയും ഉണരാത്തതിനെത്തുടര്‍ന്ന് മക്കള്‍ വന്നു വിളിച്ചപ്പോള്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു.
കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വരുന്നതിനിടെ അദ്ദേഹം യാത്ര ചെയ്തിരുന്ന കാര്‍ അപകടത്തില്‍ പെട്ടിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിസ്സാര പരുക്കുകളായിരുന്നതിനാല്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് തിരികെയെത്തിയിരുന്നു.
27 വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയമുള്ള ഫ്രാന്‍സിസ് തടത്തില്‍ പതിനൊന്നര വര്‍ഷത്തെ സജീവ പത്രപ്രവര്‍ത്തനത്തിനു ശേഷം 2006 ജനുവരിയിലാണ് അമേരിക്കയിലേക്കു കുടിയേറിയത്. അമേരിക്കയില്‍ എത്തിയതിനു ശേഷം നിരവധി പത്രങ്ങളില്‍ ഫ്രീലാന്‍സായി മാധ്യമപ്രവര്‍ത്തനം നടത്തി. നിലവില്‍ കേരളാ ടൈംസിന്റെ ചീഫ് എഡിറ്ററായി ജോലി ചെയ്ത് വരികെയാണ് മരണം സംഭവിച്ചത്.
ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഹാനോവറില്‍ താമസിക്കുന്ന ഫ്രാന്‍സിസ് കോഴിക്കോട് ദേവഗിരി കോളജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായിരുന്ന പരേതനായ ടി.കെ. മാണിയുടെയും എലിസബത്ത് കരിംതുരുത്തേലിന്റെയും 11 മക്കളില്‍ പത്താമനാണ്. ഭാര്യ: നെസ്സി തടത്തില്‍ (അക്യൂട്ട് കെയര്‍ നേഴ്‌സ് പ്രാക്ടീഷണര്‍). മക്കള്‍: ഐറീന്‍ എലിസബത്ത് തടത്തില്‍, ഐസക്ക് ഇമ്മാനുവേല്‍ തടത്തില്‍.