ജക്കാര്‍ത്ത: ലോകം ഉറ്റുനോക്കുന്ന ജോ ബൈഡന്‍ - ഷീ ജിന്‍പിങ് കൂടിക്കാഴ്ച നാളെ ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കും. അമേരിക്കന്‍ പ്രസിഡന്റായ ശേഷം ചൈനീസ് പ്രസിഡന്റ് ഷീയുമായി നടത്തുന്ന ബൈഡന്റെ ആദ്യ കൂടിക്കാഴ്ചയാണിത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഇരുവരും ബാലിയിലെത്തുന്നത്.
തായ്വാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത ഭിന്നത തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. തായ്വാന്‍, ഇന്തോ - പസഫിക്, വ്യാപാര നയങ്ങള്‍ എന്നിവ ഇരുവരുടെയും ചര്‍ച്ചയില്‍ പ്രധാന അജണ്ടയാകുമെന്ന് കരുതുന്നു.
അതേസമയം, ഉത്തര കൊറിയ തുടര്‍ച്ചയായി മിസൈല്‍ പരീക്ഷണങ്ങള്‍ ഉള്‍പ്പെടെ ആയുധ വിന്യാസം തുടരുന്നത് മേഖലയില്‍ അമേരിക്ക സൈനിക സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുമെന്ന് ബൈഡന്‍ ഷീയ്ക്ക് മുന്നറിയിപ്പ് നല്‍കുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറയുന്നു.
ഉത്തര കൊറിയ ആണവ ബോംബ് പരീക്ഷണത്തിന് പദ്ധതിയിടുന്നതായി ലോക രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ട്. എന്നാല്‍ ഉത്തര കൊറിയയെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ റഷ്യയ്ക്കും ചൈനയ്ക്കും സ്വാധീനം ചെലുത്താനാകുമെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍.
ഉത്തര കൊറിയ യു.എസിനും സഖ്യകക്ഷികളായ ജപ്പാനും ദക്ഷിണ കൊറിയയ്ക്കും മാത്രമല്ല മേഖലയിലുടനീളം സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണി ഉയര്‍ത്തുന്നതായി ബൈഡന്‍ ഷീയോട് പറയുമെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പറഞ്ഞു.
യുഎസ് സഖ്യകക്ഷികളായ ദക്ഷിണ കൊറിയയും ജപ്പാനും ഉള്‍പ്പെടെ നിരവധി ഏഷ്യന്‍ നേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തും. ദക്ഷിണ ചൈനാ കടല്‍, മ്യാന്മറില്‍ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ അസോസിയേഷനുമായി സഹകരിക്കുമെന്നും ബൈഡന്‍ പറഞ്ഞു.