അമേരിക്കയില്‍ 53 നായകളുമായി സഞ്ചരിച്ച വിമാനം ഗോള്‍ഫ് കോഴ്സില്‍ ഇടിച്ചിറങ്ങി; അത്ഭുതകരമായ രക്ഷപ്പെടല്‍

അമേരിക്കയില്‍ 53 നായകളുമായി സഞ്ചരിച്ച വിമാനം ഗോള്‍ഫ് കോഴ്സില്‍ ഇടിച്ചിറങ്ങി; അത്ഭുതകരമായ രക്ഷപ്പെടല്‍

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ 53 നായകളുമായി സഞ്ചരിച്ച വിമാനം വിസ്‌കോന്‍സിനിലെ ഒരു ഗോള്‍ഫ് കോഴ്സിലേക്ക് ഇടിച്ചിറക്കി. മൂന്ന് ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.

ന്യൂഓര്‍ലിയാന്‍സില്‍ നിന്ന് വിസ്‌കോന്‍സിനിലെ വൗകെഷായിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് വന്ന ഇരട്ട എന്‍ജിന്‍ ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. പ്രദേശത്തെ ചില മരങ്ങളില്‍ തട്ടിയ ശേഷമാണ് വിമാനം മഞ്ഞ് മൂടിയ പ്രദേശത്തേക്ക് ഇടിച്ചിറക്കിയത്. വിമാനത്തിന് കാര്യമായ നാശനഷ്ടം സംഭവിച്ചു. 300 ഗാലണിലേറെ ഇന്ധനം വിമാനത്തില്‍ നിന്ന് ചോര്‍ന്നു. തീപിടിത്തം ഉണ്ടാകാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

വളരെ അപകടകരമായ രീതിയിലാണ് വിമാനം ലാന്‍ഡ് ചെയ്തതെങ്കിലും ഉള്ളിലുണ്ടായിരുന്ന മൂന്ന് പേരും 53 നായകളും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകട കാരണം വ്യക്തമല്ല.

എല്ലാ നായ്ക്കളും വെറ്ററിനറി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്ന് ഹ്യൂമന്‍ ആനിമല്‍ വെല്‍ഫെയര്‍ സൊസൈറ്റി അറിയിച്ചു. അപകടത്തെതുടര്‍ന്ന് മിക്ക നായ്ക്കളും വല്ലാതെ ഭയന്നിരുന്നു. ദത്തെടുക്കുന്നതിനു വേണ്ടിയുള്ള നായ്ക്കളാണ് വിമാനത്തിലുണ്ടായിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.