ഈ ഒമ്പതാം ക്ലാസുകാരി രൂപകല്‍പന ചെയ്തത് സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്തിരി വണ്ടി

ഈ ഒമ്പതാം ക്ലാസുകാരി രൂപകല്‍പന ചെയ്തത് സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്തിരി വണ്ടി

വസ്ത്രങ്ങള്‍ അയണ്‍ ചെയ്യുന്നതിനു വേണ്ടി പലപ്പോഴും ഇസ്തിരി വണ്ടികളെ ആശ്രയിക്കാറുണ്ട് പലരും. പ്രത്യേകിച്ച് തിരക്കേറിയ നഗരങ്ങളില്‍ ജീവിക്കുന്നവര്‍. മിക്ക ഇസ്തിരി വണ്ടികളിലും അയണ്‍ ചെയ്യുന്നത് കരി ഉപോഗിച്ചാണ്. എന്നാല്‍ ഉപയോഗശേഷം ഈ കരി എന്തു ചെയ്യും എന്നു ചോദിച്ചാലോ. വലിച്ചെറിയാതെ വേറെന്ത് ചെയ്യാനാണ് എന്നായിരിക്കും പലരുടേയും മറുപടി. ഇത്തരത്തില്‍ വലിച്ചെറിയപ്പെടുന്ന കരികള്‍ പലപ്പോഴും പലപ്പോഴും മാലിന്യമായി ഭൂമിയില്‍ അവശേഷിക്കുന്നു.

ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് വിനിഷ ഉമാശങ്കര്‍ എന്ന മിടുക്കി. ഒമ്പതാം ക്ലാസുകാരിയാണ് വിനിഷ. തമിഴ്‌നാട്ടിലെ തിരുവണ്ണാമല സ്വദേശിയാണ് ഈ പതിനാലു വയസ്സുകാരി. വിനിഷയുടെ കണ്ടെത്തല്‍ പരിസ്ഥിക്കും ഏറെ ഗുണകരമാണ്. ഉപയോഗ ശേഷം വലിച്ചെറിയപ്പെടുന്ന കരിയുടെ അളവ് എങ്ങനെ കുറയ്ക്കാന്‍ സാധിക്കും എന്ന ആലോചനയില്‍ നിന്നുമാണ് സോളാര്‍ പാനല്‍ ഘടിപ്പിച്ച ഇസ്തിരി വണ്ടി എന്ന ആശയത്തിലേക്ക് വിനിഷ എത്തിച്ചേര്‍ന്നത്.

ഇതിനായി പ്രത്യേക ഗവേഷണങ്ങളും കൊച്ചുമിടുക്കി നടത്തി. രാജ്യാന്തരതലത്തില്‍ തന്നെ വിനിഷയുടെ ആശയം ശ്രദ്ധിക്കപ്പെട്ടു. ഈ കണ്ടുപിടുത്തത്തിന് വിനിഷയ്ക്ക് ചില്‍ഡ്രന്‍സ് ക്ലൈമറ്റ് പ്രൈസും ലഭിച്ചു. ഏകദേശം 8.64 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിച്ചിരിക്കുന്നത്. സ്വീഡന്‍ ആസ്ഥാനമായുള്ള ചില്‍ഡ്രന്‍സ് ഫൗണ്ടേഷനാണ് വിനിഷയ്ക്ക് പുരസ്‌കാരം നല്‍കുന്നത്.

വിനിഷ താമസിക്കുന്ന സ്ട്രീറ്റില്‍ ഒരു അയണിങ് കാര്‍ട്ടുണ്ട്. കരി ഉപയോഗിച്ചാണ് അവിടെയുള്ള വ്യക്തി ഇസ്തിരി ഇടുന്നത്. ഇസ്തിരി ഇട്ട ശേഷം അദ്ദേഹം കരി മണ്ണിലുപേക്ഷിക്കുകയാണ് പതിവ്. ഈ രീതി പ്രകൃതിക്ക് എത്രത്തോളം ദോഷമാണെന്ന് ചിന്തിച്ച വിനിഷ സോളാര്‍ പാനല്‍ ഉപയോഗിച്ചുള്ള ബദല്‍മാര്‍ഗത്തില്‍ എത്തിച്ചേരുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.