വാഷിംഗ്ടണ്‍: ഇസ്രായേൽ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു അധികാരമേറ്റതോടെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് അമേരിക്കയ്ക്ക് വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പുമായി അമേരിക്കയിലെ റബ്ബിമാര്‍ (യഹൂദ മതപുരോഹിതന്മാര്‍).
കടുത്ത വലതു പക്ഷവും തികഞ്ഞ വംശീയതയും കൈമുതലായുള്ള നെതന്യാഹു ഈ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത് തന്നെ ചില ദുഷ്ടലാക്കോടെയാണെന്നു കാണിച്ചു യഹൂദ മത പുരോഹിതന്മാര്‍ അമേരിക്കന്‍ ഭരണ കൂടത്തിന് എഴുതിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
നെതന്യാഹുവിന്റെ കീഴിലുള്ള ഇസ്രയേലിലെ പുതിയ ഭരണകൂടത്തിന് അവരുടെ തീവ്രവാദ നയങ്ങള്‍ ഉപയോഗിച്ച് ''പരിഹരിക്കാൻ കഴിയാത്ത ദോഷം'' വരുത്താന്‍ കഴിയുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന കത്തില്‍ 300 ലധികം അമേരിക്കൻ റബ്ബിമാര്‍ ആണ് ഒപ്പു വെച്ചിട്ടുള്ളത്.
നെതന്യാഹുവിന്റെ കാബിനറ്റിലും ഗവണ്‍മെന്റിലും ചേരാന്‍ പോകുന്ന തീവ്ര ജൂത ദേശീയവാദി അംഗങ്ങളില്‍ നിന്നുള്ള നയ നിര്‍ദ്ദേശങ്ങള്‍ക്കെതിരെയും കത്ത് മുന്നറിയിപ്പ് നല്‍കുന്നു. അവര്‍ തികഞ്ഞ ജനാധിപത്യധ്വംസകരാണ്.
പുതിയ ഇസ്രായേല്‍ സര്‍ക്കാര്‍ അവരുടെ നയങ്ങള്‍ നടപ്പിലാക്കിയാല്‍ ഇസ്രായേലും ഇസ്രേയലിനു പുറത്തുള്ള ജൂതന്മാരും തമ്മിലുള്ള ബന്ധത്തിന് പരിഹരിക്കാനാകാത്ത ദോഷങ്ങൾ ഉണ്ടാകും. കാരണം അവയിൽ ബഹുഭൂരിപക്ഷവും അമേരിക്കന്‍ ജൂതന്മാര്‍ക്കും അമേരിക്കന്‍ മൂല്യങ്ങള്‍ക്കും അവഹേളനമാണെന്നും കത്തില്‍ പറയുന്നു.
കൂടാതെ നെതന്യാഹു നയങ്ങള്‍ക്ക് സ്ത്രീകളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാൻ കഴിയും. മാത്രമല്ല അറബ് ഇസ്രായേലികളെ പുറത്താക്കാനും ഇസ്രായേലി സുപ്രീം കോടതി വിധികളെ അസാധുവാക്കാനും കഴിയും. അവരുടെ മറ്റു തീവ്രവാദ നിലപാടുകള്‍ രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്നും റബ്ബികള്‍ വാദിക്കുന്നു.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്രമായ ഭരണം എന്ന് വിളിക്കപ്പെടുന്ന തീവ്ര വലതുപക്ഷ ഭരണ സഖ്യത്തെ ഒന്നിപ്പിച്ചതിന് ശേഷമാണ് നെതന്യാഹു മൂന്നാം തവണയും ഇസ്രായേലിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റത്.
മത സയണിസ്റ്റ് പാർട്ടി( ജൂതന്മാര്‍ക്ക് സ്വന്തമായി ഒരു രാജ്യം വേണമെന്ന് ആവശ്യപ്പെടുന്ന പാർട്ടി) യിലെ അംഗങ്ങളെ അവരുടെ സഭകളിലും സംഘടനകളിലും പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞുകൊണ്ട് കടുത്ത വലതുപക്ഷ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുമെന്ന് റബ്ബികള്‍ അവരുടെ തുറന്ന കത്തില്‍ പ്രതിജ്ഞയെടുത്തു.
കൂടാതെ മറ്റ് ജൂത പുരോഹിതന്മാരോടും ഇപ്രകാരം തീവ്ര സയണിസ്‌ററ് വിഭാഗങ്ങളെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്ട് കത്തില്‍.
''വംശീയതയും മതാന്ധതയും കൊട്ടിഘോഷിക്കുന്നവര്‍ ഇസ്രായേലിന്റെ പേരില്‍ സംസാരിക്കുന്നുവെന്ന് അവകാശപ്പെടുന്നു. എന്നാൽ നമ്മുടെ അവകാശങ്ങൾ, നമ്മുടെ പൈതൃകം, നമ്മിൽ ഏറ്റവും ദുർബലരായവരുടെ അവകാശങ്ങൾ എന്നിവ ഇവർ നിഷേധിക്കുകയാണ്.
ഈ നീചത്വത്തിനെതിരെയും അമേരിക്കന്‍ സമാധാനത്തിനും കെട്ടുറപ്പിനും വേണ്ടിയും ശക്തമായി ശബ്ദിക്കാനും വംശീയ വെറിക്കെതിരെ പ്രതികരിക്കാനും എല്ലാവരും മുന്നോട്ട് വരണം" എന്നും യഹൂദ മതപുരോഹിതന്മാര്‍ അമേരിക്കൻ ഭരണകൂടത്തിന് എഴുതിയ കത്തിൽ ആവശ്യപ്പെടുന്നു.