മിഷിഗൺ: എതിർപ്പുകൾക്കിടയിലും മുസ്ലീം ഭൂരിപക്ഷമുള്ള മിഷിഗൺ സിറ്റി കൗൺസിൽ മതപരമായ ആവശ്യങ്ങൾക്കായി വീട്ടിൽ മൃഗങ്ങളെ ബലിയർപ്പിക്കാൻ അംഗീകാരം നൽകി. വിഷയം കഴിഞ്ഞ മാസം വോട്ടെടുപ്പിന് വെച്ചിരുന്നുവെങ്കിലും നിരോധനം നിലനിർത്തുകയായിരുന്നു.
മൃഗങ്ങളെ ബലിയർപ്പിക്കുന്ന ആചാരത്തിന് താമസക്കാരെ അനുവദിക്കുന്നതിന് ഡെട്രോയിറ്റ് സിറ്റി കൗൺസിലും മുസ്ലീങ്ങൾ മാത്രം അംഗങ്ങളായ ഹാംട്രാംക്ക് സിറ്റി കൗൺസിലും ചൊവ്വാഴ്ച വോട്ട് ചെയ്തു.
കഴിഞ്ഞ ഡിസംബറിൽ വിഷയം വോട്ടെടുപ്പിന് വെച്ചെങ്കിലും സിറ്റി കൗൺസിൽ നിരോധനം തുടർന്നു. പിന്നീട് മുസ്ലിം മത വിഭാഗത്തിൽപ്പെട്ട താമസക്കാരുടെ നിരന്തരമായ സമ്മർദ്ദങ്ങൾക്കും നിയമോപദേശത്തിനും ഒടുവിൽ ഈ മാസം വിഷയം വീണ്ടും വോട്ടെടുപ്പിന് വെക്കാൻ കൗൺസിൽ അംഗങ്ങൾ വഴങ്ങുകയായിരുന്നു.

ഹാംട്രാംക്കിലെ സിറ്റി കൗൺസിൽ അംഗങ്ങൾ
'മൃഗബലി ചെയ്യാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ, അവരുടെ ആചാരം നിർവഹിക്കാൻ അവർക്ക് അവകാശമുണ്ട്' എന്ന് കൗൺസിൽ അംഗം മുഹമ്മദ് ഹസൻ വ്യക്തമാക്കി.
മുസ്ലീങ്ങൾ പലപ്പോഴും ഈദ് അൽ-അദ്ഹയുടെ അവസരത്തിൽ മൃഗങ്ങളെ, പ്രത്യേകിച്ച് ആടുകളെയോ ചെമ്മരിയാടുകളെയോ അറുക്കുകയോ അല്ലെങ്കിൽ അവയ്ക്ക് വേണ്ടി ആർക്കെങ്കിലും പണം നൽകുകയോ ചെയ്യാറുണ്ട്. പിന്നീട് ഈ മാംസം കുടുംബത്തിനും സുഹൃത്തുക്കൾക്കും മറ്റുമായി പങ്കിടും.
ഇത് പുതിയതോ കല്പിതകഥയോ ഒന്നുമല്ലെന്ന് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസിന്റെ മിഷിഗൺ ബ്രാഞ്ചിന്റെ ഡയറക്ടർ ദാവൂദ് വാലിദ് വാദിച്ചു.
മൃഗബലി അനുവദിക്കുന്നതിനെ നേരത്തെ എതിർത്ത കൗൺസിലർ ഖലീൽ റെഫായി ചൊവ്വാഴ്ചത്തെ യോഗത്തിൽ പങ്കെടുക്കുകയോ എതിർ വോട്ട് രേഖപ്പെടുത്തുകയോ ചെയ്തില്ല. അതേസമയം മുമ്പ് മൃഗബലി എതിർത്തിരുന്ന സിറ്റി കൗൺസിൽ വുമൺ അമാൻഡ ജാക്‌സ്‌കോവ്‌സ്‌കി തന്റെ നിലപാട് മാറ്റുകയും ചൊവ്വാഴ്ച അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു.
ജക്‌സ്‌കോവ്‌സ്‌കി ഡിസംബറിൽ നഗരത്തിലെ മൃഗങ്ങളെ കൊല്ലുന്നതിനുള്ള നിരോധനം തുടരുന്നതിന് അനുകൂലമായി വോട്ട് ചെയ്‌തിരുന്നു.തനിക്കറിയാവുന്ന മുസ്ലീംങ്ങൾ ഉൾപ്പെടെയുള്ള ഭൂരിഭാഗം ആളുകളും ഹാംട്രാംക് നഗരത്തിൽ കശാപ്പ് അനുവദിക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ജാക്‌സ്‌കോവ്‌സ്‌കി അന്ന് പറഞ്ഞിരുന്നത്.
അമേരിക്കയിലെ നഗരങ്ങളിൽ ഏറ്റവും കൂടുതൽ മുസ്ലീം നിവാസികൾ ഉള്ളത് ഹാംട്രാംക്കിലാണ്. ഇവരിൽ പകുതിയിലധികം പേരും യെമനി, ബംഗ്ലാദേശ് വംശജരാണ്.
മിഷിഗണിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളിലൊന്നായ ഹാംട്രാംക്കിൽ ഇത്തരം ആചാരങ്ങൾ മൃഗങ്ങൾക്ക് എതിരെയുള്ള ക്രൂരതയ്ക്കും ശുചീകരണ പ്രശ്‌നങ്ങൾക്കും കാരണമാകുമെന്ന് ചൂണ്ടിക്കാണിച്ച് പ്രദേശത്തെ നിരവധി ആളുകളും മൃഗാവകാശ അഭിഭാഷകരും രംഗത്ത് വന്നിരുന്നു.
ഓർഡിനൻസ് അംഗരീകരിക്കുന്നതോടെ ആട്, ആട്ടിൻകുട്ടികൾ, പശുക്കൾ എന്നിവയുടെ കഴുത്ത് വീട്ടുമുറ്റത്ത് അറുക്കുന്നതും രക്തം ചീറ്റുന്നതും കുടൽ പുറത്തേക്ക് വീഴുന്നതും കാണേണ്ടി വരുന്ന മറ്റ് ആളുകൾക്ക് അത് ആഘാതമുണ്ടാക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു.