കാലിഫോര്‍ണിയ: പ്രശസ്ത ബ്രിട്ടീഷ് നടന്‍ ജൂലിയന്‍ സാന്‍ഡ്‌സിനെ തെക്കന്‍ കാലിഫോര്‍ണിയയിലെ സാന്‍ ഗബ്രിയേല്‍ പര്‍വതനിരകളില്‍ കാണാതായി. 'എ റൂം വിത്ത് എ വ്യൂ, വാര്‍ലോക്ക്, തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ നടനാണ് ജൂലിയന്‍. ബുധനാഴ്ചയാണ് അദ്ദേഹത്തെ കാണാതായ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ജൂലിയനെ കാണാനില്ലെന്ന് ഭാര്യ പറയുന്നു. സാന്‍ ഗബ്രിയേല്‍ പര്‍വതനിരകളില്‍ ബാള്‍ഡി ബൗള്‍ മേഖലയിലാണ് ജൂലിയനെ കാണാതായതെന്ന് ഭാര്യ പറയുന്നു. സാഹസിക യാത്രികരുടെ ഇഷ്ടകേന്ദ്രമാണ് ബാള്‍ഡി ബൗള്‍ മേഖല.
പര്‍വതനിരകളില്‍ കഴിഞ്ഞ ദിവസംകാണാതായ രണ്ട് കാല്‍നടയാത്രക്കാരില്‍ ഒരാള്‍ സാന്‍ഡ്‌സ് ആണെന്ന് സാന്‍ ബെര്‍ണാര്‍ഡിനോ കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്മെന്റ് പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു.
ഹിമപാത സാധ്യതകളും അപകടസാഹചര്യങ്ങളും കണക്കിലെടുത്ത് ഗ്രൗണ്ട് ക്രൂവിനെ ശനിയാഴ്ച വൈകുന്നേരം മലയില്‍ നിന്ന് പിന്‍വലിച്ചതായി സാന്‍ ബെര്‍ണാര്‍ഡിനോ കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രതിനിധി പറഞ്ഞു.
എന്നിരുന്നാലും, ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് തിരച്ചില്‍ തുടരുകയാണെന്നും കാലാവസ്ഥയും സുരക്ഷാ സാഹചര്യങ്ങളും മെച്ചപ്പെടുമ്പോള്‍ തിരച്ചില്‍ പുനരാരംഭിക്കുമെന്നും ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു.
എ റൂം വിത്ത് എ വ്യൂ' (1985), 'നേക്കഡ് ലഞ്ച് ' (1991), 'വാര്‍ലോക്ക്' (1989), 'സ്‌നേക്ക്‌ഹെഡ്' (2003), കൂടാതെ ഡസന്‍ കണക്കിന് സിനിമകളിലും ടിവി സീരീസുകളിലും 65 കാരനായ സാന്‍ഡ്‌സ് അഭിനയിച്ചിട്ടുണ്ട്. നടന് പുറമെ ഉത്സാഹിയായ ഒരു പര്‍വ്വതാരോഹകന്‍ കൂടിയാണ് അദ്ദേഹം.
ബ്രിട്ടണില്‍ ജനിച്ച ജൂലിയന്‍ റൂം വിത്ത് എ വ്യൂവിന്റെ വിജയത്തിനു ശേഷം ഹോളിവുഡ് സിനിമകളില്‍ കൂടുതല്‍ സാധ്യതകള്‍ തേടിയാണ് അമേരിക്കയിലേക്ക് കുടിയേറിയത്.
കാലിഫോര്‍ണിയയില്‍ ആഴ്ചകളോളം തുടരുന്ന കൊടും ശൈത്യത്തെ തുടര്‍ന്ന് ഈ പ്രദേശത്തെ കാലാവസ്ഥ പര്‍വ്വതാരോഹകര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.