എന്‍ഡിപ്രേം വഴി 6,600ലധികം സംരംഭങ്ങള്‍; പ്രവാസികള്‍ക്കായി സംസ്ഥാനം നടപ്പാക്കിയത് വിപുലമായ പദ്ധതികളെന്ന് മുഖ്യമന്ത്രി

എന്‍ഡിപ്രേം വഴി 6,600ലധികം സംരംഭങ്ങള്‍; പ്രവാസികള്‍ക്കായി സംസ്ഥാനം നടപ്പാക്കിയത് വിപുലമായ പദ്ധതികളെന്ന് മുഖ്യമന്ത്രി

ന്യൂയോര്‍ക്ക്: പ്രവാസികള്‍ക്കായി സംസ്ഥാ സര്‍ക്കാര്‍ വിപുലമായ പദ്ധതികളാണ് നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരികെയെത്തിയ പ്രവാസികള്‍ക്കുള്ള പ്രധാന പുനരധിവാസ പദ്ധതിയായ എന്‍ഡിപ്രേം വഴി 6,600 ല്‍ അധികം സംരംഭങ്ങള്‍ വിജയകരമായി ആരംഭിച്ചുവെന്നും മുഖ്യമന്തി പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് 14,166 സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

നിലവിലുള്ള പുനരധിവാസ പദ്ധതികള്‍ക്ക് പുറമെ കോവിഡ് സമയത്ത് തൊഴില്‍ നഷ്ടപ്പെട്ടു തിരികെയെത്തിയ പ്രവാസികള്‍ക്കായി 'പ്രവാസി ഭദ്രത' എന്ന പുനരധിവാസ പദ്ധതി ആരംഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കൊണ്ട് പ്രവാസി വകുപ്പിനുള്ള ബജറ്റ് വിഹിതത്തില്‍ അഞ്ചിരട്ടി വര്‍ധനയാണ് സംസ്ഥാന സര്‍ക്കാര്‍ വരുത്തിയത്. പുനരധിവാസ പദ്ധതികള്‍ പോലെ പ്രാധാന്യമര്‍ഹിക്കുന്നവയാണ് നോര്‍ക്കയുടെ സമാശ്വാസ പദ്ധതികള്‍. ശാരീരികവും സാമ്പത്തികവുമായ അവശതകള്‍ നേരിടുന്ന, തിരികെയെത്തിയ 24,600 ല്‍പ്പരം പ്രവാസികള്‍ക്കായി കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ 151 കോടി രൂപയാണ് ചിലവഴിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും ഇതര ക്ഷേമ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുന്നത് പോലെ പ്രാധാന്യമുള്ളതാണ് സുരക്ഷിത കുടിയേറ്റം ഉറപ്പുവരുത്താന്‍ നടത്തുന്ന ഇടപെടലുകള്‍. നോര്‍ക്ക റൂട്ട്സിന്റെ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്മെന്റ് വിഭാഗം നിയമപരവും സുതാര്യവും സുരക്ഷിതവുമായ മാര്‍ഗങ്ങളിലൂടെ വിദേശത്തേക്ക് കുടിയേറ്റം നടത്താന്‍ ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത ലക്ഷ്യസ്ഥാനങ്ങളായ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാറി യൂറോപ്പില്‍ ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്താന്‍ നോര്‍ക്ക റൂട്ട്സിനും സാധിക്കുന്നുണ്ട്.

അന്തര്‍ദേശീയ തലത്തില്‍ വളര്‍ന്നുവരുന്ന വിദേശ തൊഴില്‍ മേഖലകളും അവയിലെ കുടിയേറ്റത്തിന്റെ സാധ്യതകളും തിരിച്ചറിയുന്ന പഠനം നടത്തുന്നതിനുള്ള നടപടികള്‍ കോഴിക്കോട് ഐഐഎമ്മുമായി സഹകരിച്ച് കൈക്കൊണ്ടിട്ടുണ്ട്. പ്രവാസികളുമായി ബന്ധപ്പെട്ട കൃത്യമായ നയരൂപീകരണത്തിന് ആധികാരികമായ ഡേറ്റ ആവശ്യമാണ്. അത്തരത്തില്‍ വിശ്വസനീയമായ ഡേറ്റ ലഭ്യമാക്കുന്നതിനായി ഈ വര്‍ഷം തന്നെ കേരള മൈഗ്രേഷന്‍ സര്‍വേയുടെ പുതിയ റൗണ്ട് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്ര പറഞ്ഞു.

നോര്‍ക്ക റൂട്ട്സും ജര്‍മ്മന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും തമ്മില്‍ ജര്‍മ്മനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ട്രിപ്പിള്‍ വിന്‍ കരാര്‍ 2022 ഡിസംബര്‍ രണ്ടിന് ഒപ്പു വെച്ചിട്ടുണ്ട്. കരാര്‍ പ്രകാരം ആദ്യ ഘട്ടത്തില്‍ 200 ഓളം നേഴ്സുമാരെ തിരഞ്ഞെടുത്തു. അവര്‍ക്ക് ആവശ്യമായ ഭാഷാ പരിശീലനം നല്‍കി വരികയാണ്. മറ്റ് തൊഴില്‍ മേഖലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാന്‍ വേണ്ട തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. 2023 ഒക്ടോബറില്‍ ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയിലേയ്ക്കുള്ള റിക്രൂട്ട്മെന്റ് ആരംഭിക്കും.

നോര്‍ക്ക റൂട്ട്സും യുകെയില്‍ എന്‍ എച്ച് എസ് പ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കുന്ന 42 ഇന്റഗ്രേറ്റഡ് കെയര്‍ പാര്‍ട്ണര്‍ഷിപ്പുകളില്‍ ഒന്നായ ഹമ്പര്‍ ആന്‍ഡ് യോര്‍ക്ഷയറും യുകെയിലെ മാനസികാരോഗ്യ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന അംഗീകൃത സംഘടനയായ നാവിഗോയും ചേര്‍ന്ന് 2022 ഒക്ടോബറില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 21 മുതല്‍ 25 വരെ കൊച്ചിയില്‍ ഒരാഴ്ച നീണ്ടുനിന്ന വിപുലമായ യുകെ എംപ്ലോയ്മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നു. അതില്‍ നിന്നും വിവിധ തസ്തികകളിലായി 600 ല്‍ അധികം ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിനോടകം തന്നെ 21 പേര്‍ക്ക് വിസ ലഭിച്ചിട്ടുണ്ട്. മുപ്പതോളം പേര്‍ വിസയുടെ അപേക്ഷ സമര്‍പ്പിക്കാനുള്ള നടപടികളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാനഡയിലെ ഗവണ്‍മെന്റ് ഓഫ് ന്യൂഫൗണ്ട്ലാന്‍ഡ് ആന്‍ഡ് ലാബ്രഡര്‍, നോര്‍ക്ക റൂട്ട്സ് മുഖേന നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള താല്‍പര്യം അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ ആരോഗ്യം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, അക്കൗണ്ടിംഗ് മേഖലകളില്‍ ഫിന്‍ലന്‍ഡിലേക്കും തിരഞ്ഞെടുത്ത 14 തൊഴില്‍ മേഖലകളില്‍ ജപ്പാനിലേക്കും കേരളത്തില്‍ നിന്ന് റിക്രൂട്ട്മെന്റ് നടത്താനുള്ള സാധ്യതകള്‍ സജീവമായി പരിശോധിച്ചു വരികയാണ്.

റിക്രൂട്ട്മെന്റ് പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനായി 2023 മാര്‍ച്ചില്‍ വിവിധ വിദേശ ഭാഷകളില്‍ പരിശീലനം നല്‍കുന്ന നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജ് പ്രവര്‍ത്തനം ആരംഭിച്ചു. ബിപിഎല്‍ വിഭാഗത്തിനും എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കും പഠനം സൗജന്യമായിരിക്കും. പൊതുവിഭാഗത്തിലുള്ളവര്‍ക്ക് 75 ശതമാനം ഫീസ് ഇളവില്‍ പരിശീലനം സാധ്യമാകും.

വിദേശത്തേക്ക് ജോലിക്കായി നിയമവിരുദ്ധ റിക്രൂട്ട്മെന്റുകള്‍ നടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കേരള പോലീസും സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസികാര്യ വകുപ്പായ നോര്‍ക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റസും സംയുക്തമായി ഓപ്പറേഷന്‍ ശുഭയാത്ര എന്ന പേരില്‍ ഇതിനെതിരെ ഒരു നടപടി കൈക്കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്ലൈന്‍ നമ്പരും ഇമെയില്‍ ഐഡികളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.