കാശ്മിരിന് പ്രത്യേക പദവി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹര്‍ജികളില്‍ ചൊവ്വാഴ്ച വാദം കേള്‍ക്കും; പരിഗണിക്കുന്നത് മൂന്ന് വര്‍ഷത്തിന് ശേഷം

കാശ്മിരിന് പ്രത്യേക പദവി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹര്‍ജികളില്‍ ചൊവ്വാഴ്ച വാദം കേള്‍ക്കും; പരിഗണിക്കുന്നത് മൂന്ന് വര്‍ഷത്തിന് ശേഷം

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും. വിഷയത്തില്‍ മൂന്ന് വര്‍ഷത്തിനു ശേഷമാണ് സുപ്രീം കോടതി ഹര്‍ജികള്‍ പരിഗണിക്കുന്നത്.

ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലുള്ളത്.

ഭരണഘടനയിലെ 370-ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്നതും ജമ്മു കശ്മീര്‍, ലഡാക്ക് മേഖലകളിലെ സ്ഥിര താമസക്കാര്‍ക്ക് 35 എ വകുപ്പ് പ്രകാരം പ്രത്യേക അവകാശം നല്‍കുന്നതും റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 2019 ഓഗസ്റ്റ് അഞ്ചിന് തീരുമാനിച്ചിരുന്നു.

ഇതോടെ ഒക്ടോബര്‍ 31 ന് ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ പുതിയ കേന്ദ്രഭരണ പ്രദേശങ്ങള്‍ രൂപപ്പെട്ടു. ജമ്മു കശ്മീരില്‍ അധികാര പദവി ഗവര്‍ണറില്‍ നിന്ന് ലഫ്. ഗവര്‍ണറിലേക്ക് മാറി. ലഡാക്ക് കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിലായി.

കേന്ദ്ര നടപടിക്കെതിരെ ഇരുപതോളം ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്. കേന്ദ്ര തീരുമാനം ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണെന്ന് ഹര്‍ജികളില്‍ പറയുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ജനങ്ങള്‍ പിന്തുണയ്ക്കുന്നില്ല.

2019 ലെ ജമ്മു കശ്മീര്‍ പുനസംഘടനാ നിയമമനുസരിച്ചു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാന്‍ സാധിക്കില്ലെന്നും ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടി. ഭീകരത ഒഴിവാക്കാന്‍ ഇതുമാത്രമേ വഴിയുണ്ടായിരുന്നുള്ളൂ എന്നാണ് സത്യവാങ്മൂലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.