'ഇസ്രയേലിന്റെയും പാലസ്തീന്റെയും ഉറ്റ സുഹൃത്ത്': സമാധാനപരമായ പരിഹാരം കാണാന്‍ ഇന്ത്യ ഇടപെടണമെന്ന് പാലസ്തീന്‍ അംബാസഡര്‍

'ഇസ്രയേലിന്റെയും പാലസ്തീന്റെയും ഉറ്റ സുഹൃത്ത്': സമാധാനപരമായ പരിഹാരം കാണാന്‍ ഇന്ത്യ ഇടപെടണമെന്ന് പാലസ്തീന്‍ അംബാസഡര്‍

ന്യൂഡല്‍ഹി: ഇസ്രയേലും പാലസ്തീനും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇന്ത്യ ഇടപെടണമെന്ന് ഇന്ത്യയിലെ പാലസ്തീന്‍ അംബാസഡര്‍ അബു അല്‍ഹൈജ. ഇരു രാജ്യങ്ങളുടെയും ഉറ്റ സുഹൃത്താണ് ഇന്ത്യ. യുദ്ധത്തിന്റെ ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹത്തിനാണ്. ഇന്ത്യ ഇടപെട്ട് ചര്‍ച്ചകള്‍ നടത്തണമെന്നും തങ്ങളെ സഹായിക്കണമെന്നും അബു അല്‍ഹൈജ പറഞ്ഞു.

ഇസ്രയേല്‍ നഗരങ്ങളില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തിലും തുടര്‍ന്നുണ്ടായ ഇസ്രായേലിന്റെ തിരിച്ചടിയിലും ഏകദേശം 1,600 പേര്‍ കൊല്ലപ്പെട്ടു. യുദ്ധം ശക്തമാകുന്നതിനിടെയാണ് ഇന്ത്യയുടെ ഇടപെടല്‍ പാലസ്തീന്‍ അംബാസഡര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ ചെയ്യുന്നതിനോടുള്ള പ്രതികരണമാണ് സംഭവിച്ചത്. യുദ്ധത്തിന്റെ ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹത്തിനാണ്. പാലസ്തീനുമായി ബന്ധപ്പെട്ട് 800 പ്രമേയങ്ങള്‍ യുഎന്‍ പാസാക്കി. ഇസ്രയേല്‍ ഇതില്‍ ഒന്നും നടപ്പാക്കിയില്ല. അധിനിവേശ പ്രദേശങ്ങളില്‍ ഇസ്രയേല്‍ നിയന്ത്രണം അവസാനിപ്പിച്ചാല്‍ പാലസ്തീനിന്റെ ഭാഗത്തു നിന്നുള്ള ആക്രമണങ്ങളും അവസാനിക്കുമെന്ന് പാലസ്തീന്‍ അംബാസഡര്‍ പറയുന്നു.

സാധാരണക്കാരെ കൊല്ലുന്നതിന് പാലസ്തീന്‍ എതിരാണ്. പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരമാണ് ആഗ്രഹിക്കുന്നത്. ചര്‍ച്ചകള്‍ നടത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് തങ്ങളുടെ പ്രസിഡന്റ് നിരവധി യൂറോപ്യന്‍ രാജ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യ ഇരുവര്‍ക്കും ഉറ്റ സുഹൃത്താണ്. ചര്‍ച്ചകള്‍ക്കായി ഇന്ത്യ ഇടപെട്ട് തങ്ങളെ സഹായിക്കണം. അതാണ് തങ്ങളുടെ ആഗ്രഹമെന്ന് എന്‍ഡിറ്റിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അബു അല്‍ഹൈജ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.