ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് ഡല്‍ഹി ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ റെയ്ഡ്. ഡല്‍ഹിക്ക് പുറമേ മഹാരാഷ്ട്ര, തമിഴ്‌നാട്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ് പുരോഗമിക്കുകയാണ്. ഇന്ന് പുലര്‍ച്ചയോടെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
ഡല്‍ഹിയില്‍ മൂന്നിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തനായ അബ്ദുല്‍ വാഹിദ് ഷെയ്ഖിന്റെ മുംബൈ വിക്രോളിയിലെ വീട്ടിലും ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തുന്നുണ്ട്.
പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നും ഷഹീന്‍ ബാഗ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരിശോധന നടക്കുന്നതായും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ 10 ഇടങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. മധുര, ചെന്നൈ, തേനി, ഡിണ്ടിഗല്‍ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് പരിശോധന .
കഴിഞ്ഞ മാസം കേരളത്തിലെ തൃശൂര്‍, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലെ മുന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.