ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ വധത്തെ ചൊല്ലി ഇന്ത്യ-കാനഡ തര്‍ക്കം രൂക്ഷമായിരിക്കെ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ വാഷിങ്ടണില്‍ രഹസ്യ കൂടിക്കാഴ്ച നടത്തി.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളിയും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കാനഡയുടെയോ ഇന്ത്യയുടെയോ വിദേശകാര്യ മന്ത്രാലയങ്ങള്‍ കൂടിക്കാഴ്ച സംബന്ധിച്ച് കൂടുതല്‍ പ്രതികരിച്ചിട്ടില്ല. ബ്രിട്ടീഷ് പത്രമായ ഫിനാന്‍ഷ്യല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം സ്വകാര്യമായി പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി ഈ മാസം ആദ്യം പറഞ്ഞിരുന്നു.
'ഞങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റുമായി ബന്ധപ്പെടുന്നുണ്ട്. കനേഡിയന്‍ നയതന്ത്രജ്ഞരുടെ സുരക്ഷ വളരെ ഗൗരവമായി കാണുന്നു. ഇക്കാര്യത്തില്‍ ഞങ്ങള്‍ സ്വകാര്യമായി ഇടപെടുന്നത് തുടരും. കാരണം നയതന്ത്ര സംഭാഷണങ്ങള്‍ സ്വകാര്യമായി നടത്തുന്നതാണ് ഏറ്റവും നല്ലത്' - മെലാനി ജോളി വിശദീകരിച്ചു. ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കണമെന്ന ഇന്ത്യയുടെ നിര്‍ദേശത്തിന് പിന്നാലെയായിരുന്നു ഈ പ്രതികരണം.
നേരത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഇന്ത്യയുമായുള്ള ബന്ധം വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കാനഡ ഉത്തരവാദിത്വപരമായും ക്രിയാത്മകമായും ഇടപഴകുന്നത് തുടരുമെന്നും പറഞ്ഞിരുന്നു.
ഖാലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണങ്ങളാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളലിന് കാരണമായത്. 2020 ല്‍ ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച നിജ്ജാര്‍ ജൂണ്‍ 18 ന് കാനഡയില്‍ ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയ്ക്ക് സമീപം വെച്ചാണ് കൊല്ലപ്പെട്ടത്.