മിഷോങ് ഇന്നെത്തും: തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രത; 118 ട്രെയിനുകള്‍ റദാക്കി

മിഷോങ് ഇന്നെത്തും: തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രത; 118 ട്രെയിനുകള്‍ റദാക്കി

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റ് ഇന്ന് കര തൊടുമെന്ന് കാലാവസ്ഥ പ്രവചനം. തമിഴ്‌നാട്ടിലെ നെല്ലൂരിനും മച്ചിലി പട്ടണത്തിനും ഇടയിലാകും കരതൊടുക. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.

മിഷോങ് വീശിയടിക്കുന്നതോടെ കേരളത്തിലും മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ 118 ട്രെയിനുകള്‍ റദാക്കി. ഡിസംബര്‍ മൂന്ന് മുതല്‍ ആറ് വരെ തീയതികളിലെ ദീര്‍ഘദൂര ട്രെയിനുകളുള്‍പ്പെടെയാണ് റദാക്കിയത്. നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേന തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, പുതുച്ചേരി എന്നിവിടങ്ങളില്‍ 18 സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമേ പത്ത് അധിക ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്.

കേരളത്തില്‍ വരുന്ന രണ്ട് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്കു കിഴക്കന്‍, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.