ഭോപ്പാല്‍: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കമല്‍നാഥ് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും. കമല്‍നാഥിനോട് ഹൈക്കമാന്‍ഡ് രാജി ആവശ്യപ്പെട്ടതായി സൂചനയുണ്ട്.
ന്യൂഡല്‍ഹിയില്‍ ഇന്നലെ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുമായും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നിര്‍ദേശം ലഭിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ സീറ്റ് വിഭജന വിഷയത്തില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ജെഡിയു നേതാവ് നിതീഷ് കുമാര്‍ എന്നിവരുള്‍പ്പെടെയുള്ള ഇന്ത്യ മുന്നണിയിലെ നേതാക്കള്‍ക്കെതിരെ കമല്‍ നാഥ് നടത്തിയ പരാമര്‍ശങ്ങളില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്.
മധ്യപ്രദേശിലെ 230 നിയമസഭാ സീറ്റുകളില്‍ ഭരണകക്ഷിയായ ബിജെപി 163 സീറ്റുകള്‍ നേടിയാണ് അധികാരമുറപ്പിച്ചത്. കോണ്‍ഗ്രസിന് 66 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിരാശരാവരുതെന്നും മാസങ്ങള്‍ക്കപ്പുറമുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങാനും കമല്‍നാഥ് പാര്‍ട്ടി പ്രവര്‍ത്തകരെ ഉപദേശിച്ചു.
അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള 1977 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി, സഞ്ജയ് ഗാന്ധി എന്നിവരെപ്പോലുള്ള വലിയ നേതാക്കള്‍ പോലും പരാജയപ്പെട്ടിട്ടും പാര്‍ട്ടി തിരിച്ചു വരികയും മൂന്ന് മികച്ച വിജയങ്ങള്‍ നേടുകയും ചെയ്തു.
1977 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. എന്നാല്‍ 1980 ല്‍ ലോക്സഭയില്‍ മുന്നൂറിലധികം സീറ്റുകള്‍ നേടി പാര്‍ട്ടി തിരിച്ചുവരവ് നടത്തിയെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് കമല്‍നാഥ് പറഞ്ഞു.
സമാജ് വാദി പാര്‍ട്ടി നാല് മുതല്‍ ആറ് വരെ സീറ്റുകള്‍ മാത്രം ചോദിച്ചപ്പോള്‍ അത് കമല്‍നാഥ് സമ്മതിക്കാതിരുന്നത് ബിജെപിയെ നേരിടാന്‍ രൂപീകരിച്ച പ്രതിപക്ഷ സഖ്യത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
അതിനിടെ പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും കാണാതെ കമല്‍നാഥ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ തിങ്കളാഴ്ച കണ്ടതിലും കോണ്‍ഗ്രസ് നേതൃത്വം അനിഷ്ടം അറിയിച്ചു.