നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച 10 ബിജെപി എംപിമാര്‍ രാജിവെച്ചു

നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച  10 ബിജെപി എംപിമാര്‍ രാജിവെച്ചു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, പ്രഹ്ലാദ് പട്ടേല്‍ എന്നിവരടക്കം നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച 10 ബിജെപി എംപിമാര്‍ രാജിവെച്ചു. ലോക് സഭയില്‍ നിന്നുള്ള ഒമ്പത് പേരും രാജ്യസഭയില്‍ നിന്നുള്ള ഒരാളുമാണ് രാജിക്കത്ത് സമര്‍പ്പിച്ചത്.

കേന്ദ്രമന്ത്രിമാരായ നരേന്ദ്ര തോമര്‍, പ്രഹ്ലാദ് പട്ടേല്‍ എന്നിവര്‍ക്ക് പുറമേ മധ്യപ്രദേശില്‍ നിന്നുള്ള എംപിമാരായ റിതി പതക്, രാകേഷ് സിങ്, ഉദയ് പ്രതാപ് സിങ്, രാജസ്ഥാനില്‍ നിന്നുള്ള എംപിമാരായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ദിയ കുമാരി, ഛത്തീസ്ഗഡില്‍ നിന്നുള്ള അരുണ്‍ സാവോ, ഗോംതി സായ് എന്നിവര്‍ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. രാജ്യസഭാ എംപി കിറോരി ലാല്‍ മീണ രജ്യസഭാ ചെയര്‍മാന് രാജിക്കത്ത് സമര്‍പ്പിച്ചു.

12 ബിജെപി എംപിമാരാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചത്. ലോക്‌സഭാ എംപിമാരായ ബാബാ ബാലക്‌നാഥ്, രേണുക സിങ് എന്നിവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചിരുന്നു.

വൈകാതെ തന്നെ ഇവരും രാജിക്കത്ത് സമര്‍പ്പിക്കുമെന്നാണ് വിവരം. കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര തോമറും പ്രഹ്ലാദ് പട്ടേലും മധ്യപ്രദേശ് നിയമസഭയിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരാണ് ഇരുവരും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.