കൊല്‍ക്കത്ത: 296 നക്ഷത്ര ആമകളുമായി ബംഗ്ലാദേശ് സ്വദേശി അറസ്റ്റില്‍. അതിര്‍ത്തി സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ബംഗ്ലാദേശ് സ്വദേശി റഫികുല്‍ ഷെയ്ഖ്(36) ആണ് അറസ്റ്റിലായത്.
പശ്ചിമ ബംഗാള്‍ നോര്‍ത്ത് 24 പര്‍ഗാനാസില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. അതിര്‍ത്തി വഴി വന്യമൃഗങ്ങളെ കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സുരക്ഷാ സേന പരിശോധന നടത്തിയത്. സേനയെ കണ്ടതോടെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നക്ഷത്ര ആമകളെ മൂന്ന് ബാഗുകളിലാക്കി ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.
പ്രതിയുടെ കൂട്ടാളിയായ ബംഗ്ലാദേശ് സ്വദേശി ജാക്കീര്‍ ഹുസൈന്റെ സഹായത്തോടെയാണ് ഇന്ത്യയിലേക്ക് കടന്നതെന്ന് ചോദ്യം ചെയ്യലില്‍ ഷെയ്ഖ് വെളിപ്പെടുത്തി. പ്രതിയെ പശ്ചിമ ബംഗാള്‍ പൊലീസിന് കൈമാറി. പിടിച്ചെടുത്ത ആമകളെ ബംഗോവാനിലെ വനംവകുപ്പിന് കൈമാറും.