ചെന്നൈ: തീരദേശത്ത് താമസിക്കുന്നവര്‍ക്ക് പുതിയ ഭീഷണിയായി വിഷം നിറഞ്ഞ നീല വ്യാളികള്‍. വളരെ വര്‍ണ്ണാഭവും മനോഹരമായ ഈ ജീവികള്‍ അപകടകാരികളാണ്. അവയെ തൊടരുത് എന്നാണ് നിര്‍ദേശം.
ഗ്ലോക്കസ് അറ്റ്‌ലാന്റിക്കസ് എന്ന പേരിലുള്ള ഈ കടല്‍ സ്ലഗിനെ ബസന്ത് നഗറിലെ കടല്‍ത്തീരത്തും കടല്‍ത്തീരത്തിനടുത്തുള്ള ജലത്തിലും ആണ് കണ്ടെത്തിയത്. ഈ ചെറിയ ജീവികള്‍ മിതമായ' വിഷമുള്ളവയയായതു കൊണ്ട് കുട്ടികള്‍ക്കും പ്രായമായവര്‍ക്കും അവയുടെ കുത്ത് പ്രശ്‌നങ്ങള്‍ക്കു കാരണമാകും എന്നാണ് മറൈന്‍ ബയോളജിസ്റ്റുകള്‍ പറയുന്നത്.
സാധാരണയായി ഉള്‍ക്കടലിലെ ഉപരിതല ജലത്തില്‍ കാണപ്പെടുന്ന ഇവ ചിലപ്പോള്‍ കൊടുങ്കാറ്റ് ഉള്‍പ്പെടെയുള്ള ചില സമുദ്രാവസ്ഥകള്‍ കാരണം തീരത്തേക്ക് തള്ളപ്പെടുമെന്നും പഠനങ്ങള്‍ പറയുന്നു. എന്‍വയോണ്‍മെന്റലിസ്റ്റ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നുള്ള ശ്രീവത്സന്‍ രാംകുമാറാണ് ചെന്നൈ തീരത്ത് ഈ ജീവികളെ ആദ്യമായി കണ്ടെത്തിയത്. അദേഹം ഈ വിവരം ഒരു ദേശീയ മാധ്യമത്തെ അറിയിക്കുകയായിരുന്നു.
ഞായറാഴ്ച വൈകുന്നേരമാണ് ബസന്ത് നഗറിലെ ബ്രോക്കണ്‍ ബ്രിഡ്ജിന് സമീപം അമ്പതോളം കടല്‍ സ്ലഗിനെ കണ്ടെത്തിയത്. ഇത് കൂടാതെ ഇവയെ മറ്റു പലയിടത്തും പലരും കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ തീരത്ത് നീല വ്യാളികളെ കാണുന്നത് അപൂര്‍വമാണെന്നും എന്നാല്‍ കേരളത്തിലെ കോവളത്ത് മുന്‍പ് ഇവയെ കണ്ടെത്തിയതായി രേഖകളുണ്ടെന്നും സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (സിഎംഎഫ്ആര്‍ഐ) ശാസ്ത്രജ്ഞന്‍ ജോ കെ കിഴക്കുടന്‍ പറയുന്നു.
നീല വ്യാളികള്‍ വിഷമുള്ളവയാണെന്നും അദേഹം പറയുന്നു. ഇതിന്റെ കുത്ത് വേദനാജനകമാണ്. തീരക്കടലില്‍ നീന്തുന്നവര്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജീവിക്ക് കരയിലെ പകല്‍ ചൂടിനെ അതിജീവിക്കാന്‍ കഴിയില്ലെന്നും ജോ കെ കിഴക്കുടന്‍ വ്യക്തമാക്കി.