പഠന വിസകള്‍ക്ക് കാനഡ പരിധി നിശ്ചയിച്ചു

പഠന വിസകള്‍ക്ക് കാനഡ പരിധി നിശ്ചയിച്ചു

ഒട്ടാവ : കനേഡിയന്‍ ഗവണ്‍മെന്റ് അടുത്തിടെ ഗ്യാരന്റീഡ് ഇന്‍വെസ്റ്റ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് (ജിഐസി) പരിധിയില്‍ വര്‍ദ്ധനവ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. 10,000 കനേഡിയന്‍ ഡോളറില്‍ നിന്ന് 20,635 കനേഡിയന്‍ ഡോളറായി ജിഐസി ഉയര്‍ത്തിയത്. വിദേശത്ത് പഠിക്കാന്‍ പദ്ധതിയിട്ടിരുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഈ മാറ്റം പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാനഡയില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷത്തെ ജീവിതച്ചെലവുകള്‍ക്കായി ഉള്‍ക്കൊള്ളുന്ന ഒരു മുന്‍വ്യവസ്ഥയാണ് ജിഐസി. ജിഐസിയായി 6 ലക്ഷം രൂപ നിക്ഷേപിക്കേണ്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ഏകദേശം 13 ലക്ഷം രൂപ നല്‍കേണ്ടി വരും എന്നാണ് പുതിയ വ്യവസ്ഥ വ്യക്തമാക്കുന്നത്.
2024 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ജിഐസി വര്‍ദ്ധന ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പഞ്ചാബില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയാണ്. കാനഡയില്‍ കുട്ടികളെ പഠിക്കാന്‍ അയക്കുന്ന കുടുംബങ്ങള്‍ക്ക് പുതിയ നിയമം അധിക സാമ്പത്തിക ബാധ്യത വരുത്തിയേക്കുമെന്ന് ചണ്ഡീഗഡിലെ ഒരു പ്രമുഖ ഇമിഗ്രേഷന്‍ ഏജന്‍സിയുടെ കൗണ്‍സിലറായ സീമ ബാനര്‍ജി പറഞ്ഞു. എന്നാല്‍ ഫീസുകള്‍ നല്‍കാനും ജീവിതച്ചെലവ് നിറവേറ്റാനും നിസ്സാര ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ ഈ വ്യവസ്ഥയിലൂടെ സാധ്യമാകുമെന്നും അവര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് പഴയ ജിഐസി തുകയോടുകൂടി വിസ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ 2023 ഡിസംബര്‍ 31 വരെ സമയമുണ്ടെന്നും ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.