2024 ഗഗന്‍യാന്റെ വര്‍ഷമെന്ന് ഐഎസ്ആര്‍ഒ; രണ്ട് അബോര്‍ട്ട് വിക്ഷേപണ ദൗത്യം അടക്കം സുപ്രധാന പരീക്ഷണങ്ങള്‍ നടക്കും

2024 ഗഗന്‍യാന്റെ വര്‍ഷമെന്ന് ഐഎസ്ആര്‍ഒ; രണ്ട് അബോര്‍ട്ട് വിക്ഷേപണ ദൗത്യം അടക്കം സുപ്രധാന പരീക്ഷണങ്ങള്‍ നടക്കും

ബംഗളുരു: 2024 ഗഗന്‍യാന്‍ ദൗത്യത്തിന്റെ വര്‍ഷമെന്ന് ഐഎസ്ആര്‍ഒ. 2025 ല്‍ മനുഷ്യനെ ആദ്യമായി ബഹിരാകാശത്ത് അയക്കാന്‍ ലക്ഷ്യമിട്ടുള്ള ഗഗന്‍യാന്‍ ദൗത്യത്തിന്റെ നിരവധി പരീക്ഷണങ്ങളാണ് 2024 ല്‍ ഐഎസ്ആര്‍ഒ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഈ വര്‍ഷം 12-14 വിക്ഷേപണങ്ങള്‍ വരെ നടത്താനാണ് ഐഎസ്ആര്‍ഒയുടെ പദ്ധതിയെന്ന് ചെയര്‍മാന്‍ എസ്.സോമനാഥ് വ്യക്തമാക്കി. ഐഎസ്ആര്‍ഒയെ സംബന്ധിച്ചിടത്തോളം ഗഗന്‍യാന്റെ വര്‍ഷമായിരിക്കും 2024. 2025 രാജ്യത്തിന്റെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യം സാക്ഷാത്കരിക്കുന്നതിനുള്ള നിരവധി പരീക്ഷണങ്ങളും മറ്റ് ജോലികളും ഈ വര്‍ഷം നടക്കുമെന്നും അദേഹം പറഞ്ഞു.

2024 ല്‍ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള രണ്ട് അബോര്‍ട്ട് വിക്ഷേപണ ദൗത്യം കൂടി നടക്കും. കഴിഞ്ഞ വര്‍ഷമാണ് ഐഎസ്ആര്‍ഒ ആദ്യമായി ഫ്ളൈറ്റ് ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്‍ 1 (ടിഡി 1) ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണമായിരുന്നു ഇത്. രണ്ട് ആളില്ലാ ദൗത്യങ്ങള്‍, ഹെലിക്കോപ്റ്റര്‍ ഡ്രോപ്പ് ടെസ്റ്റ്, ലോഞ്ച് പാഡ് അബോര്‍ട്ട് ടെസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവയും നടത്തും.

ഇതിന് പുറമെ, ഇന്‍സാറ്റ് 3 ഡിഎസ്, ഇന്ത്യ-യുഎസ് സംയുക്ത ദൗത്യമായ നിസാര്‍ (നാസ-ഇസ്രോ സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍), ഒരു രണ്ടാം തലമുറ ഗതിനിര്‍ണയ ഉപഗ്രഹം എന്നിവ ജിഎസ്എല്‍വി റോക്കറ്റില്‍ വിക്ഷേപിക്കും.

രണ്ട് വാണിജ്യ വിക്ഷേപണങ്ങള്‍ അടക്കം പിഎസ്എല്‍വി, എസ്എസ്എല്‍വി റോക്കറ്റുകളിലായും വിവിധ വിക്ഷേപണങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഐഎസ്ആര്‍ഒയുടെ സ്‌ക്രാംജെറ്റ് എഞ്ചിന്റേയും പുനരുപയോഗിക്കാന്‍ സാധിക്കുന്ന വിക്ഷേപണ വാഹനത്തിന്റെയും പരീക്ഷണങ്ങളും ഈ വര്‍ഷം നടക്കുമെന്നും സോമനാഥ് വ്യക്തമാക്കി.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.