കൊല്‍ക്കത്ത: റേഷന്‍ കടകളില്‍ മോഡിയുടെ ഫ്‌ളക്സ് വയ്ക്കാത്തതിന്റെ പേരില്‍ ബംഗാളിന് അനുവദിച്ച 7000 കോടി രൂപ തടഞ്ഞുവച്ച് കേന്ദ്രം. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഫ്‌ളക്സുകള്‍ സ്ഥാപിക്കാത്തതിന്റെ പേരിലാണ് നെല്ല് സംഭരണത്തിന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് അനുവദിച്ച 7000 കോടി രൂപ കേന്ദ്രം തടഞ്ഞുവച്ചത്.
സംസ്ഥാനത്ത് ഉടനീളമുള്ള റേഷന്‍ കടകളില്‍ മോഡിയുടെ പടവും ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ലോഗോയും ഉള്‍പ്പെടുന്ന സൈന്‍ ബോര്‍ഡുകളും ഫ്‌ളെക്സുകളും സ്ഥാപിക്കാന്‍ കേന്ദ്രം നിരവധി തവണ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി മമതാ ബാനര്‍ജി നടപ്പാക്കാന്‍ കൂട്ടാക്കിയില്ല. കേന്ദ്രത്തിന്റെ വിവധ പദ്ധതികള്‍ക്കായി ബംഗാള്‍ 7000 കോടി രൂപയുടെ നെല്ലാണ് കഴിഞ്ഞ വര്‍ഷം കര്‍ഷകരില്‍ നിന്ന് സംഭരിച്ചത്. തുക വിട്ടുനല്‍കാന്‍ കേന്ദ്രം വിസമ്മതിക്കുന്നത് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ നെല്ല് ശേഖരണത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.
എന്‍എഫ്എസ്എ പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഇതിനകം 8. 52 ലക്ഷം ടണ്‍ ഉള്‍പ്പടെ 22 ലക്ഷം ടണ്‍ നെല്ല് ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ സംഭരിച്ചിട്ടുണ്ട്. കേന്ദ്ര പൂളിലേക്കുള്‍പ്പടെ ഈ വര്‍ഷം 70 ലക്ഷം ടണ്‍ നെല്ല് സംഭരിക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. എന്നാല്‍ പണം തടഞ്ഞുവച്ചത് ഖാരിഫ് സീസണിലെ നെല്ല് സംഭരണത്തെ ബാധിക്കുമെന്നാണ് ബംഗാള്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
ഖാരിഫ് സീസണിലാണ് വാര്‍ഷിക ലക്ഷ്യമായ 70 ലക്ഷം ടണ്ണിന്റെ 80 ശതമാനവും സംഭരിക്കാന്‍ സംസ്ഥാനം ലക്ഷ്യമിടുന്നത്. ഈ സീസണിലെ സംഭരണം ഫെബ്രുവരി അവസാനം വരെ തുടരും. ഈ കാലയളവില്‍ സമയ ബന്ധിതമായി ഫണ്ട് ലഭിച്ചില്ലെങ്കില്‍ നെല്ല് സംഭരണത്തെ ബാധിക്കുമെന്ന മുന്നറിയിപ്പും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നു.