പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ബജറ്റ് നാളെ: ജനക്ഷേമ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും

പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ബജറ്റ് നാളെ: ജനക്ഷേമ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാവുക. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. രണ്ടാം മോഡി സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൈയടി നേടാനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകും.

സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. നികുതി ഇളവുകളും പ്രതീക്ഷിക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍, കാര്‍ഷിക മേഖല എന്നിവയ്ക്കും വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും.

പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ബജറ്റ് സമ്മേളനം അടുത്ത മാസം ഒമ്പതിന് അവസാനിക്കും. സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി ഇന്നലെ സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. ബജറ്റ് സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പ്, പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

പാര്‍ലമെന്റിന്റെ കഴിഞ്ഞ ശൈത്യകാല സമ്മേളനം സാക്ഷ്യം വഹിച്ചത് വലിയ പ്രതിപക്ഷ പ്രതിഷേധത്തിനാണ്. 146 പ്രതിപക്ഷ എംപിമാരെയാണ് അന്ന് സസ്പെന്‍ഡ് ചെയ്തത്. തൃണമൂല്‍ എം.പി മഹുവ മൊയ്ത്രയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയതും കഴിഞ്ഞ സമ്മേളന കാലയളവിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.