അകറ്റിനിര്‍ത്തരുതേ ചേര്‍ത്തുനിര്‍ത്താം ഹൃദയംകൊണ്ട്

അകറ്റിനിര്‍ത്തരുതേ ചേര്‍ത്തുനിര്‍ത്താം ഹൃദയംകൊണ്ട്

ഒക്ടോബര്‍ ഒന്ന്, അന്താരാഷ്ട്ര വയോജന ദിനം. വയോജന ദിനത്തിന്റെ മുപ്പതാം വാര്‍ഷികമാണ് ഇത്തവണത്തേത്. 1990- ഡിസംബര്‍ 14-നാണ് യുണൈറ്റ്ഡ് നേഷന്‍സ് ഒക്ടോബര്‍ ഒന്ന് വയോജന ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. വയോജന പരിപാലനത്തില്‍ മഹാമാരികളുടെ സ്വാധീനം എന്നതാണ് ഇത്തവണത്തെ വിഷയം.

വയോജനങ്ങളെ അഥവാ വൃത്തരായവരെ ചേര്‍ത്തുപിടിക്കേണ്ടതുണ്ട്. നാടോടുമ്പോള്‍ ഒരു മുഴം മുന്നേ ഓടുന്ന സമൂഹത്തില്‍ പലപ്പോഴും വയോജനങ്ങളെ അല്‍പം മാറ്റിനിര്‍ത്തുന്ന പല വാര്‍ത്തകളാണ് പലപ്പോഴും നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. വയോജനങ്ങള്‍ എന്ന പേരിട്ട് അവരെ വിളിക്കുമ്പോഴും നാം ഓര്‍ക്കേണ്ടതായ ഒന്നുണ്ട്. അവര്‍ നമ്മുടെ മാതാപിതാക്കളാണ്, സഹോദരങ്ങളാണ്, പ്രിയപ്പെട്ടവരാണ്.

കൂണുപോലെ മുളച്ചു പൊന്തുന്ന വൃദ്ധസദനങ്ങളില്‍ കഴിയുന്ന എത്രയോ പേരുണ്ട് സമൂഹത്തില്‍. അമ്മേ അല്ലെങ്കില്‍ അപ്പ എന്ന സ്‌നേഹത്തോടെയുള്ള ഒരു വിളിയില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നുണ്ടാവില്ല അവര്‍. എങ്കിലും ആ വിളി പോലും ഇന്ന് നിഷേധിക്കപ്പെടുകയാണ് ഇന്ന് പല മാതാപിതാക്കള്‍ക്കും.

ജന്മം നല്‍കി ഒരായുസ്സു മുഴുവന്‍ മക്കള്‍ക്കു വേണ്ടി പൊള്ളുന്ന ചൂടിലും കനത്ത മഴയിലും വരെ പണിയെടുത്ത് മക്കളെ പോറ്റിയവര്‍. സ്വന്തം ജീവിത സുഖങ്ങള്‍ പോലും മക്കളുടേയും മറ്റുള്ളവരുടേയും നന്മയാക്കായി ത്യജിച്ചവര്‍. എന്നിട്ടും ഒടുവില്‍ പ്രായമേറിയപ്പോള്‍ അവര്‍ പലര്‍ക്കും അന്യരാകുന്നു.

ഒരു കാലത്ത് പേരക്കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞു കൊടുത്തും അവരെ താലോലിച്ചും പരിപാലിച്ചിരുന്ന അപ്പച്ചന്‍മാരും അമ്മച്ചിമാരുമൊക്കെ ഇന്ന് ചില മുത്തശ്ശിക്കഥകളില്‍ മാത്രം ഒതുങ്ങിയിരിക്കുന്നു. സ്വന്തം സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കും സുഖങ്ങള്‍ക്കുമായി മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് അയക്കുന്നവര്‍ ഇന്നും നമുക്ക് ചുറ്റുമുണ്ടെന്ന് പറയാതിരിക്കാന്‍ ആവില്ല.

എന്നാല്‍ കൊവിഡ്കാലത്ത് ജോലിത്തിരക്കുകളില്‍ നിന്നെല്ലാം ചിലരെങ്കിലും വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ചില മാതാപിതാക്കളെങ്കിലും സന്തോഷിച്ചു. കാരണം പലര്‍ക്കും ഏറെ കാലങ്ങള്‍ക്ക് ശേഷമാണ് അവരുടെ പ്രിയപ്പെട്ട മക്കളുടെ സാന്നിധ്യം അടുത്തുകിട്ടുന്നത്. കൊവിഡ് 19 എന്ന ഈ മഹാമാരിയുടെ കാലെത്തെങ്കിലും നാം ഓര്‍ത്തെടുക്കണം പ്രായവായവരുടെ ഹൃദയലാളിത്യവും സ്‌നേഹവുമൊക്കെ. അവരെ അകറ്റി നിര്‍ത്തുകയല്ല വേണ്ടത്, മറിച്ച് സ്‌നേഹത്തോടെ ഹൃദയംകൊണ്ട് ചേര്‍ത്തു നിര്‍ത്തണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.