ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് നേരെ വീണ്ടും പൊലീസിന്റെ കണ്ണീര്‍ വാതക പ്രയോഗം. പഞ്ചാബ് -ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ ഹരിയാന പൊലീസാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്.
ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കേന്ദ്ര സര്‍ക്കാരുമായുള്ള നാലാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ സമരം പുനരാരംഭിച്ചത്.
സമരത്തെ പ്രതിരോധിക്കുന്നതിനായി പൊലീസ് സ്ഥാപിച്ച ബാരിക്കേടുകള്‍ പൊളിക്കാന്‍ ഹൈഡ്രോളിക് ക്രെയിന്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ കര്‍ഷകര്‍ സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരെയാണ് കര്‍ഷക സംഘടനകളുടെ ഡല്‍ഹി ചലോ മാര്‍ച്ച് നടക്കുന്നത്.
പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകളെ തടയാനായി വാഹനങ്ങളില്‍ നിരവധി ചാക്കുകളും കര്‍ഷകര്‍ എത്തിച്ചിട്ടുണ്ട്. കണ്ണീര്‍ വാതക ഷെല്ലുകള്‍ക്കു മുകളിലേക്ക് നനഞ്ഞ ചാക്കുകള്‍ ഇട്ട് പുക തടയുകയാണ് കര്‍ഷകരുടെ പദ്ധതി. കണ്ണീര്‍ വാതകത്തെ തടയാനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഹെല്‍മറ്റുകളും കര്‍ഷകരുടെ പക്കലുണ്ട്.
അതേസമയം ചര്‍ച്ചയ്ക്ക് വീണ്ടും താല്‍പര്യം അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വന്നിട്ടുണ്ട്. പ്രശ്‌നങ്ങള്‍ക്ക് ഉറപ്പായും പരിഹാരം കാണുമെന്ന് കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ട പറഞ്ഞു.