ഇലക്ടറല്‍ ബോണ്ട് കേസില്‍ പിടി വിടാതെ സുപ്രീം കോടതി; തിരിച്ചറിയല്‍ കോഡ് ഉള്‍പ്പെടെ എല്ലാ രേഖകളും ഹാജരാക്കാന്‍ എസ്ബിഐക്ക് നിര്‍ദേശം

ഇലക്ടറല്‍ ബോണ്ട് കേസില്‍ പിടി വിടാതെ സുപ്രീം കോടതി; തിരിച്ചറിയല്‍ കോഡ് ഉള്‍പ്പെടെ എല്ലാ രേഖകളും ഹാജരാക്കാന്‍ എസ്ബിഐക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസില്‍ എസ്ബിഐക്കും കേന്ദ്ര സര്‍ക്കാരിനും വീണ്ടും തിരിച്ചടി. കോടതി ആവശ്യപ്പെട്ടാലേ എല്ലാ വിവരങ്ങളും വെളിപ്പെടുത്താനാവൂ എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും ബോണ്ടുകളുടെ തിരിച്ചറില്‍ കോഡ് ഉള്‍പ്പെടെ നല്‍കാനും സുപ്രീം കോടതി ഉത്തരവിട്ടു.

ഇലക്ടറല്‍ ബോണ്ടുകളിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളുമായി ബന്ധപ്പെട്ട് എസ്ബിഐ നല്‍കിയത് അപൂര്‍ണമായ വിവരങ്ങളാണെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ലഭിച്ച സംഭാവനകളുടെ എല്ലാ വിവരങ്ങളും ഹാജരാക്കണമെന്ന് കോടതി എസ്ബിഐക്ക് നിര്‍ദേശം നല്‍കി. ബോണ്ടുകളുടെ തിരിച്ചറില്‍ നമ്പര്‍ ഉള്‍പ്പെടെ പുറത്തു വിടണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം ഇലക്ടറല്‍ ബോണ്ട് കേസില്‍ തിരിച്ചറിയല്‍ നമ്പര്‍ നല്‍കാന്‍ തയ്യാറാണെന്ന് എസ്ബിഐ കോടതിയെ അറിയിച്ചു. ബോണ്ടുകള്‍ വ്യാജമല്ലെന്ന് എങ്ങനെ അറിയുമെന്ന് ചോദിച്ച കോടതി എല്ലാം വെളിപ്പെടുത്തി വ്യാഴാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം നല്‍കാന്‍ ബാങ്കിന് നിര്‍ദേശം നല്‍കി.

എസ്ബിഐ നല്‍കുന്ന വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോടും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.

ഇതിനിടെ കേസില്‍ കക്ഷി ചേരാന്‍ വിവിധ വ്യവസായ സംഘടനകള്‍ അപേക്ഷ നല്‍കി. തിരിച്ചറില്‍ നമ്പര്‍ പ്രസിദ്ധീകരിക്കുന്നത് മാറ്റിവയ്ക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ വ്യവസായ സംഘടനകളെ ഇപ്പോള്‍ കേള്‍ക്കാനാവില്ലെന്ന് കോടതി മറുപടി നല്‍കി. വാദം കേട്ട സമയം എന്തുകൊണ്ട് വന്നില്ലെന്നും കോടതി ചോദിച്ചു. വ്യവസായ സംഘടനകള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗിയാണ് ഹാജരായത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.