ന്യൂഡല്‍ഹി: ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് സ്വീകരിക്കാന്‍ ചട്ടം മറി കടന്ന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. 2018 ലെ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പാണ്, 15 ദിവസത്തിന് ഉള്ളില്‍ ബോണ്ട് നല്‍കി പണം സ്വീകരിക്കണമെന്ന ചട്ടം ബിജെപിക്കായി കേന്ദ്രം ഇളവ് നല്‍കിയത്.
ബംഗളുരുവില്‍ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തില്‍ ബിജെപി സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2019 നും 2024 നും ഇടയില്‍ 333 സ്വകാര്യ വ്യക്തികള്‍ 358 കോടിയുടെ ബോണ്ട് വാങ്ങിയെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നു.
അതിനിടെ ഇലക്ടറല്‍ ബോണ്ടിലെ സുപ്രീ കോടതി വിധി കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരിക്കെ ബിജെപിക്കെതിരെ വിമര്‍ശനം കടുപ്പിക്കുകയാണ് പ്രതിപക്ഷം. ഇലക്ടറല്‍ ബോണ്ട് അഴിമതിയാണെന്നും ബിജെപിക്ക് പണം ലഭിക്കുന്നതിന് അന്വേഷണ ഏജന്‍സികള്‍ എങ്ങനെ സഹായിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിക്കുന്നത്.
ഇലക്ട്രല്‍ ബോണ്ട് പ്രധാനമന്ത്രി ഹഫ്ത പിരിക്കല്‍ യോജനയെന്ന് ജയറാം രമേശ് പരിഹസിച്ചു. ഇഡി, സിബിഐ, ആദായ നികുതി അന്വേഷണങ്ങള്‍ നേരിടുന്ന 21 കമ്പനികളെങ്കിലും കോടികളുടെ ബോണ്ട് വാങ്ങിയെന്നും ജയറാം രമേശ് പറഞ്ഞു.