ഡെറാഡൂണ്‍: മൂന്നാം ഊഴത്തില്‍ അഴിമതിക്കാര്‍ക്കെതിരെ കൂടുതല്‍ നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അധികാരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത് കോണ്‍ഗ്രസിനെ വല്ലാതെ നിരാശരാക്കിയിരിക്കുകയാണ്. മൂന്നാമതും ബിജെപി അധികാരത്തില്‍ വന്നാല്‍ രാജ്യം കത്തും എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് പ്രധാനമന്ത്രി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്നും കോണ്‍ഗ്രസിനെ തുടച്ചുനീക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. രാജ്യം കത്തിക്കുന്നതിനെക്കുറിച്ച് അവര്‍ ഇപ്പോള്‍ പറയുന്നു. നിങ്ങള്‍ അത ്‌ചെയ്യാന്‍ അവരെ അനുവദിക്കുമോ? ജനാധിപത്യത്തില്‍ ഇത്തരമൊരു ഭാഷയാണോ ഉപയോഗിക്കേണ്ടത്? നിങ്ങള്‍ അവരെ ശിക്ഷിക്കില്ലേയെന്നും പ്രധാനമന്ത്രി ചോദിച്ചു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനെതിരെ ജനങ്ങളെ തിരിച്ചുവിടാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും മോഡി ആരോപിച്ചു.
അഴിമതിയില്‍ പങ്കുള്ള ഓരോരുത്തര്‍ക്കെതിരെയും ശക്തമായ നടപടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും. ഇന്ത്യാ സഖ്യം കഴിഞ്ഞ ദിവസം രാംലീല മൈതാനിയില്‍ നടത്തിയ യോഗത്തില്‍ വച്ചാണ് മാച്ച്ഫിക്സിങ് വഴിയാണ് ബിജെപി ഇന്ത്യയില്‍ ജയിക്കുന്നതെന്നും അവര്‍ ഭരണഘടനയെ മാറ്റുന്നതായും രാഹുല്‍ ഗാന്ധി ആരോപിച്ചത്. ഇനിയും ബിജെപി ജയിച്ചാല്‍ അവര്‍ രാജ്യം കത്തിക്കും എന്നും അദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരായ ഇഡി കേസിനെ തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമത്തില്‍ പ്രതിപക്ഷ കക്ഷികളുടെ ശക്തിപ്രകടനം തന്നെയായിരുന്നു നടന്നത്. ഈ യോഗത്തിലാണ് രാഹുല്‍ ഗാന്ധി ഇത്തരം ഒരു അഭിപ്രായം പറഞ്ഞത്.