പോര്‍ട്ട് മോര്‍സ്ബി: പസഫിക് ദ്വീപ് രാജ്യമായ പാപ്പുവ ന്യൂ ഗിനിയയില്‍ ഉണ്ടായ വന്‍ മണ്ണിടിച്ചിലില്‍ 670ലധികം പേര്‍ മരണപ്പെട്ടതായി കണക്കാക്കുന്നുവെന്ന് യുഎന്‍ വൃത്തങ്ങള്‍. വടക്കന്‍ പാപ്പുവ ന്യൂ ഗിനിയയിലുള്ള എങ്ക പ്രവിശ്യയിലെ യാംബലി ഗ്രാമത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. സംഭവത്തില്‍ 150ലധികം വീടുകള്‍ മണ്ണിനടിയിലായെന്നാണ് യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായത് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്നുണ്ട്.
രാജ്യത്തിന് എല്ലാവിധ സഹായവും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനിസി എന്നിവര്‍ വാഗ്ദാനം ചെയ്തു.
പാപ്പുവ ന്യൂ ഗിനിയയ്ക്ക് എന്ത് സഹായമാണ് വേണ്ടതെന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഓസ്ട്രേലിയന്‍ പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് പറഞ്ഞു.
'ആളുകളെ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള സംവിധാനങ്ങള്‍ തങ്ങള്‍ നല്‍കുന്നുണ്ട്, കൂടാതെ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമുള്ള ആധുനിക ഉപകരണങ്ങളും നല്‍കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് - അദ്ദേഹം എബിസി റേഡിയോയോട് പറഞ്ഞു.
തലസ്ഥാനമായ പോര്‍ട്ട് മോസ്ബിയില്‍നിന്ന് 600 കിലോമീറ്റര്‍ മാറിയാണ് യാംബലി ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് 4000ത്തോളം പേര്‍ ഗ്രാമത്തില്‍ താമസിച്ചിരുന്നുവെന്നാണ് കണക്ക്. ആളുകള്‍ തിങ്ങിനിറഞ്ഞ് താമസിക്കുന്ന പ്രദേശത്താണ് സംഭവമുണ്ടായതെന്നും ഇത് പ്രധാന ഗതാഗത പാതയാണെന്നും പ്രവിശ്യ അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.
670ലധികം ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ടെന്ന് കണക്കാക്കുന്നതായി യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സി തലവന്‍ സെര്‍ഹാന്‍ അക്ടോപ്രാക് പറഞ്ഞു. ഇതുവരെ അഞ്ച് മൃതദേഹങ്ങളും ഒരു മൃതദേഹത്തിന്റെ അവശിഷ്ടങ്ങളുമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കണ്ടെത്താനായിട്ടുള്ളൂ.
പ്രദേശത്ത് മണ്ണിടിച്ചില്‍ സാധ്യത തുടരുന്നതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഇപ്പോഴും മണ്ണ് ഇടിയുന്നുണ്ടെന്നും സ്ഥിതി ഭയാനകമാണെന്നും സെര്‍ഹാന്‍ അക്ടോപ്രാക് പറഞ്ഞു. മണ്ണിടിച്ചിലില്‍ കൃഷിസ്ഥലമടക്കം ഗ്രാമം പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടു. ഏതാണ്ട് 26 അടി ഉയരത്തില്‍ വരെ അവശിഷ്ടങ്ങള്‍ നിറഞ്ഞിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ ഉപകരണങ്ങള്‍ ഇതുവരെ ഗ്രാമത്തില്‍ എത്തിയിട്ടില്ല
അതേസമയം ഗ്രാമത്തില്‍നിന്ന് 1000ത്തിലധികം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വെള്ളവും ഭക്ഷണവുമടക്കം അവശ്യ വസ്തുക്കളുമായുള്ള വാഹനങ്ങള്‍ ശനിയാഴ്ച മേഖലയില്‍ എത്തിച്ചേര്‍ന്നു.