കോപ്പന്‍ഹേഗന്‍: ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ് നേരെ ആക്രമണം. ഇന്നലെ വൈകീട്ട് കോപ്പന്‍ഹേഗനിലെ ചത്വരത്തില്‍ വച്ച് അക്രമി പ്രധാനമന്ത്രിയെ അടിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ അടുത്തേക്ക് നടന്നെത്തിയ അക്രമി പൊടുന്നനെ അടിക്കുകയായിരുന്നു.
തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഡെന്മാര്‍ക്കില്‍ വോട്ടെടുപ്പ് നടക്കാന്‍ രണ്ട് ദിവസം മാത്രമുള്ളപ്പോഴാണ് ആക്രമണം നടന്നത്.
പരിസ്ഥിതി മന്ത്രി മാഗ്‌നസ് ഹ്യൂനിക്കും പ്രധാനമന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ചു. 'ആക്രമണത്തില്‍ മെറ്റെ സ്വാഭാവികമായും ഞെട്ടിപ്പോയി. ഈ സംഭവം ഞങ്ങള്‍ എല്ലാവരെയും ഉലച്ചതായി ഡാനിഷ് പരിസ്ഥിതി മന്ത്രി മാഗ്‌നസ് ഹ്യൂനിക്ക് സമൂഹ മാധ്യമത്തില്‍ കുറിച്ചു.
കഴിഞ്ഞ ആഴ്ച സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബേര്‍ട്ട് ഫിക്കോയ്ക്കും വെടിവെപ്പില്‍ പരിക്കേറ്റിരുന്നു. ഹാന്‍ഡ്ലോവയില്‍ വച്ചാണ് 59കാരനായ റോബര്‍ട്ട് ഫിക്കോയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. അക്രമിയെ സംഭവ സ്ഥലത്ത് വച്ച് തന്നെ പിടികൂടിയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫിക്കോ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച് വരികയാണ്.