ബംഗളൂരു: ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളുമായി ബന്ധപ്പെട്ട വെള്ളപ്പൊക്ക ഭീഷണി മുന്‍കൂട്ടി അറിയുന്നതിന് ബഹിരാകാശ സാങ്കേതിക വിദ്യയുടെ സാധ്യത തേടി ഐഎസ്ആര്‍ഒയെ സമീപിച്ച് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. ബംഗളൂരുവില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി.
രാജ്യത്തുടനീളം കാലാവസ്ഥാ മാറ്റം മൂലം ഉണ്ടായ ദുരിതം ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ അണക്കെട്ടുകളുമായി ബന്ധപ്പെട്ട വെള്ളപ്പൊക്ക സാഹചര്യം അടിയന്തരമായി വിലയിരുത്തേണ്ടതുണ്ടെന്ന് സുരേഷ് ഗോപി ഓര്‍മ്മിപ്പിച്ചു.
വെള്ളപ്പൊക്കത്തിന്റെ സാധ്യത വിലയിരുത്തുന്നതിനും പുനരധിവാസ മേഖലകള്‍ തിരിച്ചറിയുന്നതിനും ഗവേഷകര്‍ക്ക് ഉയര്‍ന്ന റെസല്യൂഷനിലുള്ള ഭൂപ്രദേശ ഡാറ്റ അടക്കമുള്ള ബഹിരാകാശ അധിഷ്ഠിത വിവരങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഐഎസ്ആര്‍ഒയുടെ പിന്തുണ ചര്‍ച്ചയില്‍ സോമനാഥ് ഉറപ്പു നല്‍കി.
രക്ഷാ പ്രവര്‍ത്തനം, പുനരധിവാസം എന്നിവയുടെ ആസൂത്രണത്തെ പ്രളയ സാധ്യതയുമായി സംയോജിപ്പിച്ച് ഒരു പ്രോട്ടോ ടൈപ്പ് സൊല്യൂഷന്‍ വികസിപ്പിക്കാനും സുരേഷ് ഗോപി നിര്‍ദേശിച്ചു. ദുരന്ത നിവാരണത്തിന് ബഹിരാകാശ സാങ്കേതിക വിദ്യയുടെ സഹായം ഉറപ്പാക്കുന്നതിന് ശേഷി വര്‍ധിപ്പിക്കാനും മന്ത്രി നിര്‍ദേശിച്ചു.
അണക്കെട്ടുകളിലെ ചെളിയുടെ വ്യാപ്തിയും സ്വഭാവവും പഠിക്കേണ്ടതിന്റെ ആവശ്യകതയും പ്രാദേശിക വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിന് ചെളിയുടെ സാധ്യമായ വിനിയോഗം വിലയിരുത്തേണ്ടതിന്റെ ആവശ്യകതയും സുരേഷ് ഗോപി ചൂണ്ടിക്കാണിച്ചു.