പട്ന: ബിഹാറിൽ പാലം തകരുന്നത് തുടർക്കഥയാകുന്നു. വീണ്ടും പാലം തകർന്നു. ഗയ ജില്ലയിലെ ഗുൾസ്ക്‌കാരി നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നത്. നാലാഴ്‌ചക്കിടെ തകരുന്ന പതിനാലാമത്തെ പാലമാണിത്. ഭഗവതി ഗ്രാമത്തെയും ശർമ്മ ഗ്രാമത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്. പാലം തകരുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുകയുന്നതിനിടയിലാണ് പുതിയ പാലം കൂടി തകർന്നത്.
പാലം തകർന്നതോടെ പ്രദേശവാസികൾ ദുരിതത്തിലായിരിക്കുകയാണ്. വിദ്യാർത്ഥികളടക്കം സ്‌കൂളിലേക്കും മറ്റുമുള്ള യാത്രക്ക് ഈ പാലമായിരുന്നു ആശ്രയിച്ചിരുന്നത്.
നേരത്തെ പാലംതകർന്ന് വീഴൽ തുടർക്കഥയായതോടെ 11 എൻജിനിയർമാരെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. പഴയ പാലങ്ങളെ പറ്റി സർവെ നടത്താനും സർക്കാർ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് ഇപ്പോൾ വീണ്ടും പാലം തകർന്നത്. ജൂലൈ പത്തിന് മൂന്നാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പതിമൂന്നാമത്തെ പാലം തകർന്നിരുന്നു.