തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സ്‌കൂളുകളിലെ ക്യാമ്പുകളില്‍ കഴിയുന്നവരെ മറ്റ് സ്ഥലം കണ്ടെത്തി അവിടെ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂളുകളില്‍ ഉടന്‍ തന്നെ ക്ലാസുകള്‍ ആരംഭിക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. സാധ്യതകളൊന്നും ബാക്കി നിര്‍ത്താതെയുള്ള തിരച്ചിലാണ് നടക്കുന്നത്. ഇതുവരെ ദൗത്യം നടക്കാതിരുന്ന സണ്‍ റൈസ് വാലിയിലും ഇന്ന് തിരച്ചില്‍ നടന്നു.
224 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 154 പേരെ കാണാതായിട്ടുണ്ട്. 88 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. 81 ശരീര ഭാഗങ്ങളാണ് ഇതുവരെ കണ്ടെടുത്തതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ചാലിയാറില്‍ കൂടുതല്‍ പരിശോധനയ്ക്ക് നേവിയോട് ആവശ്യപ്പെടും. മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന സ്വകാര്യ ലാബിലും നടത്താമോ എന്ന് പരിശോധിക്കും. ദുരന്ത മേഖലയിലെ അപകടകരമായ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാനുള്ള നടപടി ആരംഭിക്കും. തിരച്ചിലില്‍ തുടര്‍ നടപടി ചീഫ് സെക്രട്ടറി സൈന്യവുമായി ആലോചിച്ചു ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തകര്‍ന്ന കെട്ടിടങ്ങളുടെ നഷ്ട പരിഹാരം നല്‍കാന്‍ തദ്ദേശ വകുപ്പ് കണക്ക് എടുക്കും. 2391 പേര്‍ക്ക് ഇത് വരെ കൗണ്‍സിലിങ് നല്‍കി. കുട്ടികളുടെ മാനസിക സംഘര്‍ഷം കുറക്കാന്‍ നടപടി സ്വീകരിക്കുമെന്നും വെള്ളാര്‍ മല സ്‌കൂള്‍, പുനരധിവാസത്തിനുള്ള ടൗണ്‍ ഷിപ്പില്‍ തന്നെ പുനസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.