അമീബിക് മസ്തിഷ്‌ക ജ്വരം: കോട്ടയത്തും ജാഗ്രതാ നിര്‍ദേശം

അമീബിക് മസ്തിഷ്‌ക ജ്വരം: കോട്ടയത്തും ജാഗ്രതാ നിര്‍ദേശം

കോട്ടയം: സംസ്ഥാനത്ത് പല ജില്ലകളിലും അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോട്ടയം ജില്ലയിലും ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളത്തിലെ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്‌കജ്വരം ഉണ്ടാവുക. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് കൂടുതലും രോഗമുണ്ടാവുന്നത്.

മൂക്കിനെയും തലച്ചോറിനെയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണപടത്തിലുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുന്നത്. അമീബ ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞ് അഞ്ച് മുതല്‍ 10 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകും. കടുത്ത തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാനും വെളിച്ചത്തിലേക്ക് നോക്കാനും പ്രയാസം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. തുടര്‍ന്ന് അപസ്മാരം, ബോധക്ഷയം, പരസ്പരബന്ധം ഇല്ലാതെ സംസാരിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.

മുന്‍കരുതല്‍

ശുദ്ധമല്ലാത്ത വെള്ളത്തില്‍ മുഖവും വായും കഴുകരുത്.

കെട്ടിക്കിടക്കുന്നതും മലിനമായതുമായ വെള്ളത്തില്‍ കുളിക്കുകയോ നീന്തുകയോ ചെയ്യരുത്.

മൂക്കില്‍ വെള്ളം കടക്കാതിരിക്കാന്‍ നോസ് ക്ലിപ്പ് ഉപയോഗിക്കുക.

വാട്ടര്‍ തീം പാര്‍ക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്യുക.

സ്വിമ്മിങ് പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ചുകഴുകി പ്രതലങ്ങള്‍ നന്നായി ഉണക്കുക.

നീന്തല്‍കുളങ്ങളിലെ വെള്ളം ആഴ്ചയില്‍ ഒരു ദിവസം പൂര്‍ണമായും ഒഴുക്കിക്കളഞ്ഞ് വൃത്തിയാക്കി ക്ലോറിനേഷന്‍ ഉറപ്പുവരുത്തുക.

മൂക്കിലോ ചെവിയിലോ ഓപ്പറേഷന്‍ കഴിഞ്ഞവരും, ചെവിയില്‍ പഴുപ്പുള്ളവരും മലിനമായ വെള്ളത്തില്‍ ഇറങ്ങരുത്.

കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം.

ഫില്‍റ്ററുകള്‍ വൃത്തിയാക്കിയ ശേഷം വെള്ളം നിറച്ച് ക്ലോറിനേറ്റ് ചെയ്യണം.

സ്‌കൂളുകള്‍, കോളജുകള്‍, ആശുപതികള്‍ ലോഡുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ടാങ്കുകള്‍ കഴുകി വെള്ളം ക്ലോറിനേറ്റ് ചെയ്ത് ഉപയോഗിക്കുക. അതേസമയം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.