തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
കടകംപള്ളിയുടെ പേര് അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാര്‍ പറഞ്ഞു കഴിഞ്ഞു. തങ്ങളുടെ കൈയില്‍ അതിന് തെളിവുണ്ട്. അയാള്‍ക്ക് അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള തെളിവുകള്‍ കോണ്‍ഗ്രസിന്റെ പക്കലുണ്ട്.
ഈ കേസില്‍ ഇപ്പോള്‍ അറസ്റ്റിലായവരെക്കാള്‍ വന്‍ തോക്കുകള്‍ വരാനുണ്ടെന്ന് കോടതി പറഞ്ഞു. എന്നിട്ടും അന്വേഷണം വൈകിപ്പിക്കുന്നു. സിപിഎം നേതാക്കളടക്കമുള്ളവര്‍ അറസ്റ്റിലായിട്ടും പാര്‍ട്ടി അവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.
ഇപ്പോള്‍ ജയിലിലായ ആളുകളെ ഭയന്നാണ് നില്‍ക്കുന്നത്. അവര്‍ പുതിയ ആളുകളുടെ പേരുകള്‍ വെളിപ്പെടുത്തുമോയെന്ന പേടിയാണ്. അതുകൊണ്ട് അവര്‍ക്ക് കുട പിടിച്ചു കൊടുക്കുകയാണ് സര്‍ക്കാര്‍. ബിജെപിയും സിപിഎമ്മും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന ആരോപണമാണ് ഇന്നലെ പാര്‍ലമെന്റില്‍ ശരി വയ്ക്കപ്പെട്ടത്. പി.എം ശ്രീ പദ്ധതി ഒപ്പുവച്ചതിന്റെ പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് എംപിയെന്നാണ് കേന്ദ്രം പറയുന്നത്.
എന്തിനാണ് പാലം? ഇവിടെ പോളിറ്റ് ബ്യൂറോ അറിയാതെ മോഡിയും അമിത് ഷായും പറഞ്ഞ സ്ഥലത്ത് ഒപ്പിട്ടു കൊടുത്തയാളാണ് പിണറായി വിജയന്‍. അതിന്റെ ഇടനിലക്കാരന്‍ ജോണ്‍ ബ്രിട്ടാസാണ്. ഇത്തരത്തില്‍ പാലം പണിയുന്നത് സിപിഎമ്മാണ്. ഇതിന്റെ കൈയാള്‍ ജോലിയായിരുന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കുണ്ടായിരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.