വത്തിക്കാനിൽ അനുഗ്രഹീത കൂടിക്കാഴ്ച ; ഓസ്‌കർ ജേതാവ് റോബേർത്തോ ബനീഞ്ഞി ലിയോ പാപ്പയെ സന്ദർശിച്ചു

വത്തിക്കാനിൽ അനുഗ്രഹീത കൂടിക്കാഴ്ച ; ഓസ്‌കർ ജേതാവ് റോബേർത്തോ ബനീഞ്ഞി ലിയോ പാപ്പയെ സന്ദർശിച്ചു

വത്തിക്കാൻ സിറ്റി: ഇറ്റാലിയൻ സിനിമയുടെ ഇതിഹാസവും ഓസ്‌കർ പുരസ്‌കാര ജേതാവുമായ റോബേർത്തോ ബനീഞ്ഞിക്ക് അപ്പസ്തോലിക കൊട്ടാരത്തിൽ ഊഷ്മളമായ സ്വീകരണം. ഡിസംബർ നാലിന് ഉച്ചകഴിഞ്ഞ് ലിയോ പതിനാലാമൻ മാർപാപ്പയുമായി അദേഹം കൂടിക്കാഴ്ച നടത്തി. ഇറ്റാലിയൻ സ്റ്റേറ്റ് ടിവി (റായ്) മേധാവികളും ചലച്ചിത്ര നിർമ്മാതാക്കളും ബനീഞ്ഞിയോടൊപ്പം ഉണ്ടായിരുന്നു.

വത്തിക്കാൻ മീഡിയയുമായി സഹകരിച്ച് ബനീഞ്ഞി അവതരിപ്പിച്ച 'പീറ്റർ: എ മാൻ ഇൻ ദി വിൻഡ്' എന്ന മോണോലോഗിന്റെ റായ് 1-ലെ പ്രക്ഷേപണത്തിന് മുന്നോടിയായിട്ടായിരുന്നു കൂടിക്കാഴ്ച. "എത്ര മനോഹരമാണ് ഇത്. ഇത് സ്നേഹത്തെക്കുറിച്ചാണ് സംസാരിക്കുന്നത്." മോണോലോഗിന്റെ ചില ഭാഗങ്ങൾ കണ്ട ശേഷം പാപ്പ പറഞ്ഞു.

സംഭാഷണത്തിനിടെ ബനീഞ്ഞിയുടെ വിശ്വപ്രസിദ്ധ ചിത്രമായ 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ,' ഫ്രാങ്ക് കാപ്രയുടെ 'ഇറ്റ്സ് എ വണ്ടർഫുൾ ലൈഫ്' എന്നീ സിനിമകൾ ചർച്ചയായി. ഈ രണ്ട് ചിത്രങ്ങളും മാർപാപ്പയുടെ ഏറ്റവും പ്രിയപ്പെട്ട നാല് സിനിമകളുടെ പട്ടികയിൽ ഉൾപ്പെടുന്നവയാണ് എന്ന പ്രത്യേകതയുമുണ്ട്.

കൂടിക്കാഴ്ചയിൽ ഡിക്കാസ്റ്ററി ഫോർ കമ്മ്യൂണിക്കേഷൻസ് പ്രീഫെക്ട് പൗലോ റുഫിനിയും വത്തിക്കാൻ മീഡിയ ഡയറക്ടർ സ്റ്റെഫാനോ ഡി അഗോസ്റ്റിനിയും പങ്കെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.