കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് രാഹുല്‍ ഹൈക്കോടതിയിലെത്തിയത്.
രാഹുലിന്റേത് ഗുരുതര ലൈംഗികാതിക്രമമെന്നും ഔദ്യോഗിക പദവിയുപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയുണ്ടെന്നും നിരീക്ഷിച്ചായിരുന്നു ഹര്‍ജി തള്ളിയത്.
കീഴ്ക്കോടതിയില്‍ പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലും പറയുന്നത്. എംഎല്‍എയാണെന്നും രാഷ്ട്രീയമായി തകര്‍ക്കാന്‍ എതിരാളികള്‍ ശ്രമിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കണിച്ചേക്കും.
ഒരാഴ്ചയിലധികമായി ഒളിവില്‍ കഴിയുന്ന രാഹുലിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. കര്‍ണാടകയിലെ സുളള്യയില്‍ നിന്ന് കസ്റ്റഡിയിലെടുത്തെന്ന് ഇന്നലെ വൈകിട്ട് അഭ്യൂഹം പരന്നിരുന്നു. കാസര്‍കോട്ടെ ഹോസ്ദുര്‍ഗ് കോടതിയില്‍ എത്തിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. കോടതി വളപ്പില്‍ പൊലീസ് സംഘവും നിലയുറപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് രാഹുലിനെ പിടികൂടാനായില്ലെന്ന് വ്യക്തമായി.
രാഹുലിന്റെ പാലക്കാട് ഓഫീസിലെ പേഴ്‌സണല്‍ അസിസ്റ്റന്റ്, ഡ്രൈവര്‍ ജോസ് എന്നിവരെ എസ്‌ഐടി ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. എംഎല്‍എയെ രക്ഷപ്പെടാന്‍ സഹായിച്ചതും അനുഗമിച്ചതും ഇവരാണ്.
അതേസമയം ബംഗളൂരുവില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ യുവതിയുടെ പരാതിയിലും രാഹുലിനെതിരെ കേസെടുത്തിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനം നടത്തിയെന്നാണ് കേസ്.