കൊച്ചി: പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നത് വരെ കാത്തു നില്‍ക്കേണ്ടെന്ന് അന്വേഷണ സംഘത്തിന് നിര്‍ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് രാഹുലിനെ പിടികൂടാനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കിയത്. പാലക്കാടും കോയമ്പത്തൂരും പൊള്ളാച്ചിയിലും നടന്ന പരിശോധനയില്‍ എസ്.ഐ.ടി സംഘത്തിന് രാഹുലിനെ കണ്ടെത്താനായില്ല.
അതിനിടെ തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയായ ഹൊസൂരിന് സമീപത്തുള്ള ബാഗലൂരിലാണ് രാഹുല്‍ ഒളിച്ചിരുന്നത് എന്ന വിവരം പുറത്തു വന്നു. എന്നാല്‍ പൊലീസ് എത്തുന്നതിന് തൊട്ട് മുമ്പ് രാഹുല്‍ കര്‍ണാടയിലേക്ക് കടന്നതായാണ് സൂചന.
ഇന്നലെയാണ് ഹൊസൂരിന് സമീപം ബാഗലൂരുവിലെ രാഹുലിന്റെ ഒളിയിടം പൊലീസ് തിരിച്ചറിഞ്ഞത്. കോയമ്പത്തൂരില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന സംഘം ബാഗലൂരുവിലേക്ക് ഉടനെ തിരിച്ചു. അന്വേഷണ സംഘം എത്തുമ്പോള്‍ ഒളിയിടത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയ കാര്‍ ഉണ്ടായിരുന്നു. ഇതിലെ ഡ്രൈവര്‍ അന്വേഷണ സംഘത്തെ കണ്ടതോടെ ഓടി രക്ഷപെട്ടതായാണ് അറിയുന്നത്.
ബാഗലൂരില്‍ നിന്ന് കര്‍ണാടകയിലേക്ക് പോയത് മറ്റൊരു കാറില്‍ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ചയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.